നാളികേരത്തിന്റെ സ്വന്തം നാട്ടില്‍ വിപണി ഭരിക്കുന്നത് വ്യാജ വെളിച്ചെണ്ണ; ഒരു ലിറ്റര്‍ എണ്ണയിലുള്ളത് 20 ശതമാനം മാത്രം വെളിച്ചെണ്ണ! പരിശോധനയില്‍ പോലും കണ്ടെത്താനാകില്ല

സംസ്ഥാനത്തിന് പുറത്തു നിന്നും എത്തുന്ന പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പടെയുള്ളവയില്‍ ഉള്ളത് യഥാര്‍ത്ഥ വെളിച്ചെണ്ണയല്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ നാളികേരത്തിന് ക്ഷാമമില്ലെങ്കിലും വെളിച്ചെണ്ണയ്ക്ക് വലിയ ഡിമാന്റാണ് ഉള്ളത്. വിപണിയില്‍ ധാരാളം ബ്രാന്‍ഡുകള്‍ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് എത്തിക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തുന്ന പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പടെയുള്ളവയില്‍ ഉള്ളത് യഥാര്‍ത്ഥ വെളിച്ചെണ്ണയല്ലെന്ന് റിപ്പോര്‍ട്ട്. മിക്കവയും കൃത്രിമ എണ്ണ വെളിച്ചെണ്ണയെന്ന പേരില്‍ വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് പതിവ്.
കേരം തിങ്ങും കേരളനാടിന്റെ സ്വന്തം എണ്ണയാണ് വെളിച്ചെണ്ണ.

കടുകെണ്ണയ്ക്കും പാമോയിലിനും വിലയില്ലാത്ത കേരളത്തില്‍, മറ്റ് എണ്ണകളുടെ ഇരട്ടിവിലയാണ് വെളിച്ചെണ്ണയ്ക്ക് കേരളത്തിലുള്ളത്. ഈ അവസരം പരമാവധി മുതലെടുത്ത് കൊള്ളലാഭം കൊയ്യാനാണ് പല അന്യസംസ്ഥാന വ്യാപാരികളുടെയും ശ്രമം.

ഇപ്പോള്‍ കേരളത്തിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയുടെ കുത്തൊഴുക്കാണുള്ളത്. പരിശോധനയില്‍ പോലും കണ്ടെത്താനാവാത്ത ഈ മായം കലര്‍ത്തി കൊള്ളലാഭത്തിനായി നടത്തുന്ന കച്ചവടം കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. വെളിച്ചെണ്ണയില്‍ കലര്‍ത്തുന്ന കൃത്രിമഎണ്ണയ്ക്ക് കേവലം 84 രൂപയാണ് വില. ഈ എണ്ണയില്‍ 20 ശതമാനം മാത്രം വെളിച്ചെണ്ണ കലര്‍ത്തുമ്പോള്‍ വില 220ല്‍ ആകും. പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്ത എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതെന്നാണു കച്ചവടക്കാര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കങ്കായത്താണു വ്യാജ ഭക്ഷ്യഎണ്ണ ഇത്തരത്തില്‍ ലഭിക്കുന്നത്.

റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്‌സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. കൊളളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ വിപണിയിലെ കച്ചവടക്കാര്‍ റിഫൈന്‍ഡ് ഓയില്‍ എന്ന വ്യാജനെ ആശ്രയിക്കുന്നത്.

നല്ല വെളിച്ചെണ്ണ കിലോ ഒന്നിന് ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്റെ വില എണ്‍പത്തിനാലു രൂപ മാത്രമാണ്. അതായത് വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്. വെളിച്ചെണ്ണയില്‍ മാത്രമല്ല നല്ലെണ്ണയിലും, സൂര്യകാന്തി എണ്ണയിലും റിഫൈന്‍ഡ് ഓയില്‍ ചേര്‍ത്തുളള ഈ തട്ടിപ്പ് വ്യാപകമാണ്. ഈ എണ്ണകല്‍ തകര്‍ക്കുന്നതാകട്ടെ മലയാളിയുടെ ആരോഗ്യവും.

Exit mobile version