10 ക്ലാസുകാരിയുടെ ഇംഗ്ലീഷില്‍ കണ്ണ് തള്ളി ശശി തരൂര്‍; ഇംഗ്ലീഷ് കൈയ്യിലിട്ട് അമ്മാനമാടുന്ന ശശി തരൂര്‍ അമ്പരന്നത് ഇടുക്കി സ്വദേശിനി ദിയക്ക് മുന്‍പില്‍, വീഡിയോ

തിരുവനന്തപുരം: ഇംഗ്ലീഷ് കൈയ്യിലിട്ട് അമ്മാനമാടുന്ന ആളാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. അദ്ദേഹം പറയുന്ന ഓരോ ഇംഗ്ലീഷ് വാക്കുകളുടെയും അര്‍ത്ഥം ഇംഗ്ലീഷ്-മലയാളം ഭാഷാസഹായി നോക്കി കണ്ടെത്തേണ്ടി വരുന്നത് പതിവുകാഴ്ചയാണ്. അദ്ദേഹത്തിന്റെ വിദേശച്ചുവയുള്ള ഇംഗ്ലീഷ് പലപ്പോഴും മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്.

നിരവധി വായില്‍ക്കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യക്കാര്‍ക്ക് സംഭാവന ചെയ്ത ശശി തരൂരിനെ അതിലും വലിയ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് 10-ാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ. ഇടുക്കി സ്വദേശിനിയാണ് ഈ മിടുക്കി. ദിയയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ശശി തരൂര്‍ എംപിയെ നേരിട്ട് കാണണമെന്നതും ഒരു വാക്ക് സംസാരിക്കണമെന്നും.

ഈ ആഗ്രഹമാണ് ക്ലബ് എഫ് എമ്മിലൂടെ ആര്‍ജെ റാഫിയോടൊപ്പം നടത്തിയ സൂം മീറ്റിംഗിലൂടെ നടന്നത്. അതേസമയം, മീറ്റിംഗില്‍ ദിയയ്‌ക്കൊപ്പം ചേരുന്നത് ശശി തരൂര്‍ എംപിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി അദ്ദേഹത്തെ കാണുമ്പോഴുള്ള ദിയയുടെ സന്തോഷവും വീഡിയോയില്‍ കാണാം. സാങ്കല്‍പ്പികമായ ഒരു ഭക്ഷണത്തെ കുറിച്ച് പറഞ്ഞാണ് ദിയ എംപിയെ ഞെട്ടിച്ചത്.

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്നും ശശി തരൂരും പ്രതികരിക്കുന്നുണ്ട്. എന്നാല്‍ താനിത് കേട്ടിട്ടുണ്ടെന്നും, അത് പറയാനുള്ള ഒരു കഴിവും ഓര്‍മ്മശക്തിയും അപാരം തന്നെയെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത് എല്ലാവര്‍ക്കും സാധിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ദിയയ്ക്ക് എംപി ആശംസകളും നേര്‍ന്നു.

Exit mobile version