ഡേയ് ഡേയ് എന്ന് വിളിക്കാൻ ഇനി പി ബിജു ഇല്ല; പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് എഎൻ ഷംസീർ

കണ്ണൂർ: അകാലത്തിൽ വിടപറഞ്ഞ മുൻഎസ്എഫ്‌ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി ബിജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയസുഹൃത്തുക്കൾ. ഡേയ് ഡേയ് എന്ന് വിളിക്കാൻ ഇനി പി ബിജു ഇല്ലെന്ന സങ്കടം തലശ്ശേരി എംഎൽഎ എഎൻ ഷംസീർ ഓർമ്മക്കുറിപ്പിൽ പങ്കുവെച്ചിരിക്കുകയാണ്.

കൊവിഡ് പോസിറ്റീവായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പി ബിജു. പത്ത്ദിവസത്തിന് ശേഷം കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ഒക്ടോബർ 20 സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ പ്രതിനിധികൾക്കു നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.

എഎൻ ഷംസീറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഡേയ് ഡേയ് എന്ന് വിളിക്കാൻ ഇനി പി. ബിജു ഇല്ല. എസ്.എഫ്.ഐ ഇൽ പ്രവർത്തിക്കുന്ന സമയം മുതൽ തുടങ്ങിയതാണ് സഖാവ് പി ബിജുവുമായുള്ള ബന്ധം. അത് ഈ അവസാന നാളുകൾ വരെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി തുടരുകയും ചെയ്തു. 2008 ഇൽ സഖാവ് പി.ബിജു പ്രെസിഡന്റും ഞാൻ സെക്രെട്ടറിയും ആയിരുന്ന സമയത്തു നിരവധിയായ സമരമുഖങ്ങളിൽ ഒരുമിച്ചു പങ്കെടുക്കുവാനും
നേതൃത്വം നൽകുവാനും സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നിരവധിയായ ജ്വലിക്കുന്ന സമരമുഖങ്ങളിൽ ഒന്നായി അണിചേരുവാനും സാധിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷം നടക്കുന്ന സമയത്ത് സംസ്ഥാന സെന്ററിൽ പ്രവർത്തിച്ചിരുന്ന ഞാനും കൂടെ സഖാക്കൾ എം. സ്വരാജ്, പി. ബിജു, സിന്ധു ജോയ് എന്നിവർ അവിടെയെത്തുകയും ക്രൂരമർദ്ധനത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. അക്കാലങ്ങളിലൊക്കെ സമരമുഖങ്ങളിൽ സഖാവ് കാണിച്ച പോരാട്ടവീര്യം ഏവർക്കും ആവേശമായിരുന്നു. നിർമൽ മാധവ് വിഷയത്തിൽ സഖാവ് പി. ബിജു ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ സമരപോരാട്ടങ്ങളും ആ സമരത്തിന് നേരെ പൊലീസ് വെടിവെപ്പ് ഉൾപ്പെടെ നടന്നതും ലാത്തി ചാർജിൽ അടിയേറ്റ് ചോരയൊലിക്കുന്ന തലയുമായി സമരമുഖത്ത് ഉശിരോടെ നിൽക്കുന്ന പി ബിജുവിന്റെ മുഖം കേരളം ഒരിക്കലും മറക്കില്ല. ആ സംഭവത്തിനു ശേഷമായിരുന്നു ഈ വിഷയം DYFI ഏറ്റെടുക്കുന്നത്..
ഇത്തരത്തിൽ ഞങ്ങളുടെ സമകാലീനരിൽ സ്വരാജ്ഉം ഞാനും ബിജുവും ഉൾപ്പെടെ പല സഖാക്കളും നിരവധി തവണ ക്രൂരമർദ്ധനത്തിനിടയാവുകയും ജയിൽ വാസം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്..
നിരവധിയാർന്ന ഇത്തരം ക്രൂര മർദ്ദനത്തിന്റെ ഫലമായിട്ടുള്ള ബുദ്ധിമുട്ടുകളുമാകാം സഖാവിനെ മരണത്തിലേക്ക് നയിക്കും വിധം ഭീകരമായി കോവിഡ് പിടികൂടാൻ കാരണമായത്..
സഖാവിന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത് അറിയുന്നത്.

ആരോഗ്യം വഷളായി എന്നറിഞ്ഞപ്പോൾ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. സഖാവ് കൂടുതൽ അപകടാവസ്ഥയിലാണെന്നും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സഖാവ് പി. സന്തോഷ് പിന്നീട് അറിയിച്ചു. തുടർന്ന് ഇന്ന് പുലർച്ചെയാണ് ആശുപത്രി സൂപ്രണ്ട് കൈവിട്ട് പോയെന്നു സന്തോഷിനെ അറിയിക്കുകയും സന്തോഷ് എന്നെ വിളിച്ചു പറയുകയുമുണ്ടായത്.
രാഷ്ട്രീയത്തിനപ്പുറം സന്തോഷമായാലും ദുഖമായാലും വ്യക്തിപരമായ കാര്യങ്ങൾ പലതും ഞങ്ങൾ പങ്കുവെക്കുമായിരുന്നു..
ഏറെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യം ബിജുവിന്റെ അച്ഛൻ മരണപ്പെട്ട ദിനമാണ്.. അന്ന് ഞാനും സഖാവും എടപ്പാളിൽ ഒരു ജാഥയിൽ പങ്കെടുക്കുകയായിരുന്നു.. വിവരമറിയിക്കാൻ ബിജുവിനെ വിളിച്ചിട്ട് കിട്ടാതായപ്പോൾ കിരൺ ദേവ് എന്നെ വിളിക്കുകയും ഞാൻ സഖാവിനെ ഈ വിവരം അറിയിക്കുകയുമാണുണ്ടായത്. ജാഥയിൽ നിന്ന് മാറിനിന്നു കരയുന്ന സഖാവിന്റെ അന്നത്തെ മുഖം മായാതെ മനസ്സിലിപ്പോഴുമുണ്ട്..
സംഘർഷകലുഷിതമായ നാളുകളിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരത്തു നിന്നുകൊണ്ട് ഉയർന്നുവന്ന ഏറ്റവും മികച്ച ഒരു സംഘാടകനെയാണ് സഖാവിന്റെ വിയോഗത്തോടെ പ്രസ്ഥാനത്തിന് നഷ്ടമാകുന്നത്. നിയമത്തിൽ ബിരുദവും ജേർണ്ണലിസത്തിൽ ബിരുദാനന്തര ബിരുദവും കരസ്തമാക്കിയ സഖാവ് ഇംഗ്ലീഷ് ഏറെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു…
വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തന കാലഘട്ടത്തിലും യുവജനക്ഷേമ ബോർഡ് ചെയർമാൻ ആയി പ്രവർത്തിക്കുമ്പോഴും സ്വന്തം ശരീരിക വിഷമതകൾ പോലും അവഗണിച്ചുകൊണ്ട് സഖാവ് കാണിച്ച സംഘടന വൈഭവവും നേതൃപാടവവും പ്രസ്ഥാനത്തിന് എക്കാലവും തീരനഷ്ടമാണ്..
പ്രിയസഖാവിനു ആദരാഞ്ജലികൾ

Exit mobile version