ഭാര്യയുടെ മരണം; കാസര്‍കോട് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍ അറസ്റ്റില്‍

ബന്തടുക്ക: ഭാര്യയുടെ മരണത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കരിവേടകം മണപ്പാടിയിലെ ജോസ് പാറത്തട്ടേല്‍ (46) അറസ്റ്റില്‍. ജോസിന് കൊവിഡ് ബാധിച്ചതിനാല്‍ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലായിരുന്നു. ശേഷം രോഗ മുക്തി നേടിയതിനു പിന്നാലെ കോടതിയില്‍ ഹാജരാക്കി. ജോസിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് (35) വിഷം അകത്തുചെന്നാണ് മരണപ്പെട്ടത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. കഴിഞ്ഞമാസം 25-ന് പുലര്‍ച്ചെയാണ് ജിനോ മരണത്തിന് കീഴടങ്ങിയത്.

മരണത്തിന് പിന്നാലെ, ജിനോ ജോസിന്റെ സഹോദരന്‍ ജോബി ജോസ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ആത്മഹത്യാ പ്രേരണയ്ക്കും ഭര്‍തൃപീഡനത്തിനും ജോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു പുറമെ, ജോബിയുടെ പരാതിയില്‍ ജോസ് പാറത്തട്ടേലിന്റെ മാതാവ് മേരിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. മേരി പടന്നക്കാട് നിലവില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തുടരുകയാണ്.

Exit mobile version