കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്: 24 ലക്ഷം രൂപ പരാതിക്കാരന് നൽകി കേസ് ഒത്തുതീർപ്പാക്കി

kummanam_1

തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കിട്ടാനുള്ള മുഴുവൻ പണവും കിട്ടിയതായും പരാതി പിൻവലിക്കുന്നതായും പരാതിക്കാരനായ ഹരികൃഷ്ണൻ പോലീസിനെ അറിയിച്ചു. പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീർപ്പാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കൾ ഇടപെട്ട് പണമിടപാട് നടത്തി കേസ് തീർക്കാൻ ശ്രമം തുടങ്ങിയിരുന്നു. പരാതിക്കാരന് പണം മുഴുവൻ തിരികെ നൽകാം എന്ന് ആരോപണ വിധേയനായ കമ്പനി ഉടമ വിജയനും അറിയിച്ചിരുന്നു.

തനിക്ക് തിരികെ കിട്ടാനുള്ള പണം മുഴുവൻ ലഭിച്ചെന്നും എഫ്‌ഐആർ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണൻ പറഞ്ഞതായി സ്വകാര്‌യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 24 ലക്ഷം രൂപയാണ് ഒത്തുതീർപ്പിന്റെ ഭാഗമായി ഹരികൃഷ്ണന് നൽകിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരന്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്.

നേരത്തെ, കുമ്മനത്തിനും അദ്ദേഹത്തിന്റെ പിഎ ആയിരുന്ന പ്രവീൺ വി പിള്ളയും ഉൾപ്പടെയുള്ളവർക്കെതിരെ ഹരികൃഷ്ണൻ പോലീസിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിരുന്നു. പരാതിക്കാരൻ പോലീസിന് നൽകിയ മൊഴി പ്രകാരം പാലക്കാട് സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഭാരത് ബയോടെക്‌നോളജീസ് എന്ന കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുൻ പിഎ പ്രവീൺ പിള്ളയാണ്. നിക്ഷേപം സംബന്ധിച്ച് ശബരിമലയിൽ വച്ച് കുമ്മനം തന്നെ പരാതിക്കാരനുമായി നേരിട്ട് ചർച്ച നടത്തിയെന്നും മൊഴിയിലുണ്ട്.

കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്ബിഐ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ കമ്പനി ഉടമ വിജയന് പണം നൽകിയെന്നും എന്നാൽ കമ്പനി ഉടമ ഷെയർ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടേയും ഫോൺകോൾ വിവരങ്ങളും അന്വേഷണസംഘം തേടിയിരുന്നു. പരാതിക്കാരൻ ഹരികൃഷ്ണന്റെ വീടിനു മുന്നിൽ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.

Exit mobile version