അഞ്ചുപേർക്ക് ഒരു കോടി വീതം; ആദ്യ നറുക്കെടുപ്പ് ഡിസംബറിൽ; എല്ലാ മാസവും ഒന്നിലധികം കോടിപതികൾ; ഭാഗ്യമിത്ര ലോട്ടറി ടിക്കറ്റ് പുറത്തിറക്കി

തിരുവനന്തപുരം: ഒന്നിലധികെ പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഭാഗ്യക്കുറിയായ ‘ഭാഗ്യമിത്ര’ പ്രകാശനം ചെയ്തു. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറിയുടെ ആദ്യ ടിക്കറ്റ് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കാണ് പ്രകാശനം ചെയ്തത്. ടിക്കറ്റ് പ്രകാശനത്തോടൊപ്പം പുതിയ സോഫ്റ്റ്‌വെയർ, വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും ധനകാര്യമന്ത്രി നിർവ്വഹിച്ചു. നേരത്തെ, ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നതെന്ന് ലോട്ടറിവകുപ്പ് അറിയിച്ചിരുന്നു.

ഭാഗ്യമിത്ര ടിക്കറ്റിന്റെ ഒന്നാം സമ്മാനം അഞ്ചു കോടി രൂപയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.

ഇന്ന് പുറത്തിറക്കിയ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് 2020 ഡിസംബർ ആറിന് നടക്കും. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ വില നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. ആദ്യഘട്ടത്തിൽ 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. പരമാവധി 72 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാൻ കഴിയുക.

Exit mobile version