കൊവിഡ് വ്യാപനം; സംസ്ഥാനത്തെ 13 ജില്ലകളില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി കൂടുതല്‍ ജില്ലകള്‍. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, കൊല്ലം, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോട്ടയം,തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലാ കളക്ടര്‍മാരാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി ഉത്തരവിറക്കിയത്. സി.ആര്‍.പി.സി 144 പ്രകാരം ഒക്ടോബര്‍ 3 മുതല്‍ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടത്.

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നതിന് നിരോധനമുണ്ട്. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നീ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

സര്‍ക്കാര്‍ പരിപാടികള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ കൂടിച്ചേരാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Exit mobile version