‘വെറുംവാക്കല്ല’; 100ദിവസത്തിനകം അരലക്ഷം തൊഴില്‍ പ്രഖ്യാപനം, മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും കാല്‍ലക്ഷത്തോളം പേര്‍ക്ക് തൊഴിലായി, 3000ത്തില്‍പ്പരം സ്ഥിര നിയമനം

തിരുവനന്തപുരം: നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ജോലി ലഭിച്ചത് കാല്‍ലക്ഷത്തോളം പേര്‍ക്കാണ്. ഒക്ടോബര്‍ ഒന്നിനാണ് മുഖ്യമന്ത്രി 100 ദിന തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.

കോവിഡ് മൂലമുള്ള തൊഴിലില്ലായ്മ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. പദ്ധതിയിലൂടെ ചൊവ്വാഴ്ചവരെ 25,109 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതില്‍ മുവായിരത്തില്‍പ്പരം സ്ഥിരം നിയമനം. മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷ്യമിട്ടതിന്റെ പകുതിപേര്‍ക്കും തൊഴില്‍ നല്‍കാനായി.

പത്ത് സര്‍ക്കാര്‍ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 6563 പേര്‍ക്ക് ജോലി നല്‍കി. അധ്യാപക, അനധ്യാപക തസ്തികയില്‍ 1652 നിയമനം. ആരോഗ്യ വകുപ്പില്‍ ലക്ഷ്യമിട്ട 3069 തൊഴിലും ലഭ്യമാക്കി. ഇതില്‍ 80ല്‍പ്പരം സ്ഥിരം നിയമനം.

യുവജന കമീക്ഷന്‍ 15 പേരെ നിയമിച്ചു. ഭക്ഷ്യം, പൊതുവിതരണ വകുപ്പിലെ 74 നിയമനത്തില്‍ 67 എണ്ണം സ്ഥിരം. ഇതില്‍ 47 പേര്‍ക്ക് സപ്ലൈകോയിലും. കൃഷി വകുപ്പ് സ്ഥാപനങ്ങളില്‍ 143 പേര്‍ക്ക് ജോലിയായി. വ്യവസായ വകുപ്പിന്റെ 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 412 പേരെ താല്‍ക്കാലികമായി നിയമിച്ചു.

പുരാവസ്തു, മൃഗശാലയും മ്യൂസിയം വകുപ്പുകളില്‍ 19 പേരെ തെരഞ്ഞെടുത്തു. രജിസ്ട്രേഷന്‍ വകുപ്പില്‍ 28 പേര്‍ക്ക് സ്ഥിര നിയമനം. കുടുംബശ്രീവഴി സ്വീപ്പറായി 349 പേര്‍ക്ക് അവസരമായി. പട്ടികജാതി വകുപ്പില്‍ 28 പേര്‍ക്ക് സ്ഥിര നിയമനം നല്‍കി. കെഎസ്എഫ്ഇയില്‍ 774 സ്ഥിരം ഒഴിവ് നികത്തി.

സംരംഭകത്വ മേഖലയില്‍ 18,546 പേര്‍ക്ക് തൊഴിലായി. വനിതാ വികസന കോര്‍പറേഷന്‍ 208 സംരംഭം വഴി 618 പേര്‍ക്ക് ജോലി നല്‍കി. സഹകരണ സംഘങ്ങള്‍വഴി 391 പേര്‍ക്കും കിന്‍ഫ്രയില്‍ 587 പേര്‍ക്കും തൊഴിലൊരുക്കി. വ്യവസായ–വാണിജ്യ, കയര്‍ വികസന, കൈത്തറി–തുണി ഡയറക്ടറേറ്റുകള്‍വഴി 8431 പേര്‍ക്കും, പിന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ 309 സംരംഭങ്ങള്‍വഴി 582 പേര്‍ക്കും അവസരമൊരുക്കി.

കുടുംബശ്രീവഴി 3075 സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. 6220 തൊഴിലും സൃഷ്ടിച്ചു. പട്ടികജാതി വികസന വകുപ്പ് മുന്നു സ്ഥാപനങ്ങള്‍വഴി 180 പേര്‍ക്ക് വായ്പ ഉറപ്പാക്കി. കെഎഫ്സി 332 സംരംഭം വഴി 1467 പേര്‍ക്ക് തൊഴില്‍ നല്‍കി. ടെക്നോപാര്‍ക്കില്‍ 70 പേര്‍ക്ക് പുതുതായി നിയമനം ലഭിച്ചു.

Exit mobile version