ഉടമ കൈമാറാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ വില നല്‍കി ‘വരദ’ഏറ്റെടുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കവി സുഗതകുമാരിയുടെ നന്ദാവനത്തിലെ വീടായ ‘വരദ’ മകള്‍ ലക്ഷ്മിദേവി വിറ്റത് ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴത്തെ ഉടമ കൈമാറാന്‍ തയ്യാറായാല്‍ ‘വരദ’ വില നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വീട് അടിയന്തിരമായി ഏറ്റെടുത്തു സ്മാരക മന്ദിരമാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കണ്ട സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഉറപ്പു നല്‍കി.

സ്മാരക മന്ദിരമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി സജി ചെറിയാനെ ചുമതലപ്പെടുത്തി. കണ്ണൂരില്‍ വച്ചാണു സൂര്യ കൃഷ്ണമൂര്‍ത്തി മുഖ്യമന്ത്രിയെയും മന്ത്രിയെയും കണ്ടത്. സുഗതകുമാരിയുമായി ഏറെ ആത്മബന്ധമുള്ള ആളെന്ന നിലയിലാണു ‘വരദ’ ഏറ്റെടുക്കുന്ന വിഷയത്തില്‍ ഇടപെട്ടതെന്നു കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വീട്ടിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാലാണ് വരദ വിറ്റെതന്നായിരുന്നു സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി പറഞ്ഞത്. അമ്മ ജീവിച്ചിരുന്ന കാലത്ത് എന്റെ വല്യമ്മ ഹൃദയകുമാരിയുടെ വീടിനു മുറ്റത്തുകൂടി മാത്രമേ വരദയിലേക്ക് കയറാന്‍ പറ്റുമായിരുന്നുള്ളൂ. വാഹനങ്ങള്‍ വല്യമ്മയുടെ വീടുവരെയേ വരികയുള്ളു. വാഹനം അവിടെ നിര്‍ത്തിയിട്ട് വേണം വരദയിലേക്ക് വരാന്‍.

അമ്മ മരിച്ചപ്പോള്‍ ആ വഴി അടച്ചു. അങ്ങനെയൊരു സാഹചര്യത്തില്‍ വരദയില്‍ താമസിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായിത്തീര്‍ന്നു. ആള്‍ത്താമസമില്ലാതെ വീട് നശിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് വില്‍ക്കുക എന്ന തീരുമാനത്തിലെത്തിയത്. അമ്മയുടെ അനന്തരാവകാശി എന്ന നിലയില്‍ ആ വീട് നിയമപ്രകാരം ഞാന്‍ വില്‍പന നടത്തുകയായിരുന്നു എന്നാണ് ലക്ഷ്മി ദേവി പറഞ്ഞത്.

Exit mobile version