പരിസരപ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോൺ: 27 മുതൽ നവംബർ രണ്ട് വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഈ മാസം 27 മുതൽ നവംബർ രണ്ട് വരെ നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റി വെച്ചു. നവംബർ മൂന്ന് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. സർവകലാശാല ആസ്ഥാനമുള്ള പഞ്ചായത്തുകൾ കൊവിഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ സ്‌പെഷ്യൽ പരീക്ഷകളടക്കം നടക്കില്ല.

27, 28, 30, നവംബർ രണ്ട് എന്നീ തീയതികളിലെ പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോ. സിസി ബാബു അറിയിച്ചു.

സർവകലാശാലയുടെ ആസ്ഥാനമുൾപ്പെടുന്ന തേഞ്ഞിപ്പലം, ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണായതിനാൽ തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ സർവ്വകലാശാല ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്. ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഓഫീസുകൾ പ്രവർത്തിക്കില്ല.

സർവകലാശാലയിൽ ആവശ്യ സർവീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടർ ആന്റ് ഇലക്ട്രിസിറ്റി) വിഭാഗം, പരീക്ഷാഭവൻ, ഫിനാൻസ് (ശമ്പളം പെൻഷൻ, എന്നിവക്ക് ) തുടങ്ങിയവ മാത്രമേ പ്രവർത്തിക്കൂ . ജീവനക്കാർ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് ജോലി ചെയ്യുക. ഔദ്യോഗിക യോഗങ്ങളും മാറ്റിവെച്ചു.

Exit mobile version