കിത്താബിനെതിരെ കലാപമുയര്‍ത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ‘കിതാബ്’ എന്ന നാടകത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കിതാബ് നാടകത്തിനെതിരെ, മത മൗലികവാദ സംഘടനകള്‍ കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ഊര്‍ജ്ജം പകരാന്‍ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ എന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.

മത മൗലികവാദ സംഘടനകള്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ എക്കാലവും എതിര്‍ത്ത ചരിത്രമാണുള്ളത്. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്. അത് സെലക്ടീവാകാന്‍ പാടില്ല,”കിതാബ് ”നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാര്‍ഥിനികളെ നമ്മള്‍ കണ്ടു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ്‌ഐ എക്കാലവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പന്‍ പ്രവണതയ്ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമായിരുന്നു മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ‘കിത്താബ്’.

എന്നാല്‍ ചില മതസംഘടനകള്‍ നാടകത്തിനെതിരെ രംഗത്ത് വരികയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. മത സംഘടനകളില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടകാവതരണത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Exit mobile version