ഒട്ടേറെ പ്രതിസന്ധികളെയും പ്രയാസങ്ങളേയും തരണം ചെയ്ത് ഒടുവിൽ കരയിലേക്ക് അടുത്തതും ജിന്റോയെ കൊണ്ടുപോയി മരണം; കണ്ണീർ തോരാതെ ബന്ധുക്കളും സുഹൃത്തുക്കളും

ആലപ്പുഴ: ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ് കാലത്തെ അതിജീവിച്ച് ഒരു ഉപജീവന മാർഗ്ഗം കണ്ടെത്തിയതിന് പിന്നാലെ ജിന്റോയുടെയും കുടുംബത്തിന്റെയും സ്വപ്‌നങ്ങളെ തകർത്ത് മരണത്തിന്റെ രംഗപ്രവേശം. ജിന്റോ (37)യുടെ വേർപാട് ഇനിയും വിശ്വസിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിട്ടില്ല. ബുധനാഴ്ച കറുകച്ചാലിൽ പഴം, പച്ചക്കറി മൊത്തവ്യാപാര സ്ഥാപനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് മരണം ജിന്റോയെ തട്ടിയെടുത്തത്.

വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടയിടിച്ചാണ് ജിന്റോയുൾപ്പടെ മൂന്നു പേർ മരിച്ചത്. ഒരാൾക്കു ഗുരുരമായി പരുക്കേറ്റു. മൂന്നുപേരും ഓരോ കുടുംബത്തിന്റെയും അത്താണി ആയിരുന്നവർ. ചങ്ങനാശേരിയിൽ ജിന്റോ നേരത്തെ കട നടത്തിയിരുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധികൾ അലട്ടിയതോടെ കടപൂട്ടി. പിന്നീട് പഴം, പച്ചക്കറി എന്നിവ വാഹനങ്ങളിൽ കൊണ്ടു നടന്നു വിൽപ്പന നടത്താൻ തീരുമാനിക്കുകയായിരുന്നു. ഭാര്യാപിതാവ് വർഗീസിനെയും ഒപ്പം കൂട്ടി.

പുതിയ കടയിലേക്കു സാധനങ്ങൾ എടുക്കാനായി സുഹൃത്തുക്കൾക്കൊപ്പം കമ്പത്തേക്കു തിങ്കളാഴ്ച പോകാനിരിക്കെയാണ് അപകടത്തിൽ ജിന്റോയുടെ ജീവൻ പൊലിഞ്ഞത്. വർഗീസിന്റെ വീടിനു സമീപത്ത് തന്നെയാണ് ജിന്റോയും കുടുംബവും വാടകയ്ക്കു കഴിഞ്ഞിരുന്നത്. അപകടത്തിൽ ജിന്റോയ്‌ക്കൊപ്പം വർഗ്ഗീസും യാത്രയായി.

അപകടത്തിൽ മരിച്ച മൂന്നാമത്തെയാൾ കുട്ടംപേരൂർ ചക്കാലയ്ക്കൽ വീട്ടിലെ 2 മക്കളിൽ മൂത്തമകനായ ജെറി(20)യാണ്. വീസ പുതുക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളിൽ ഖത്തറിലേക്കു പോകാനിരിക്കെയാണ് അപകടം. ജെറിയുടെ മാതാപിതാക്കൾ ഖത്തറിലാണ് താമസം. സഹോദരൻ ജോയൽ, കാവാലത്ത് അമ്മവീട്ടിലാണ് താമസം.

Exit mobile version