കാസർകോട്ടെ ടാറ്റ ആശുപത്രി 28ന് പ്രവർത്തനം ആരംഭിക്കും; പുതിയ നിയമനങ്ങൾ നടക്കുന്നെന്ന് ആരോഗ്യമന്ത്രി; രാജ്‌മോഹൻ ഉണ്ണിത്താന് ഒന്നാം തീയതി തൊട്ട് നിരാഹാരം കിടക്കേണ്ടി വരില്ല

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ ആരോഗ്യരംഗത്തിന് ആശ്വാസമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച കൊവിഡ് പ്രതിരോധത്തിനുള്ള ആശുപത്രി ഒക്ടോബർ 28 ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി ആവശ്യമായ ജീവനക്കാരുടെ നിയമനങ്ങൾ നടന്നുവരികയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി കാസർകോട് ജില്ലയിലെ തെക്കിൽ വില്ലേജിൽ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിർമ്മിച്ചത്.

ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഒന്നാംഘട്ടമായി മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഈ തസ്തികകളിലേക്കുള്ള നിയമനം പൂർണ്ണമായിട്ടില്ല, ഇവരുടെ നിയമനം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ആശുപത്രി ആരംഭിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആണെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോൾ ഈ ആശുപത്രി സാധാരണ എല്ലാ ചികിത്സകളും ലഭ്യമാക്കുന്ന ആശുപത്രിയായി പ്രവർത്തിക്കുമെന്നും കാസർകോട് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിർമ്മാണം പൂർത്തിയായിട്ടും ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നില്ലെന്ന് ആരോപിച്ച് നവംബർ ഒന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഓക്ടോബർ 28ന് തന്നെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്നതിനാൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ സമരം ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Exit mobile version