കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് വ്യാജ പ്രചരണം; കൊയിലാണ്ടിയില്‍ ഗ്ലൂക്കോസ് ലായനി വില്‍പ്പനയ്ക്ക് നിയന്ത്രണം

കോഴിക്കോട്: കൊവിഡ് ചികിത്സയ്ക്ക് ഗ്ലൂക്കോസ് ലായനി ഫലപ്രദമെന്ന വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി താലൂക്കില്‍ ഗ്ലൂക്കോസ് ലായനി വില്‍പ്പനയ്ക്ക് നിയന്ത്രണം. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വില്‍പന കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വ്യാജ പ്രചാരണത്തെ തുടര്‍ന്നാണ് പ്രദേശത്ത് ഗ്ലൂക്കോസ് വില്‍പന വ്യാപകമായത് കണ്ടതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് നേരം മൂക്കില്‍ ഒഴിക്കുക എന്നായിരുന്നു പ്രചരണം നടത്തി വന്നത്. കൊയിലാണ്ടിയിലെ ഇഎന്‍ടി ഡോക്ടര്‍ ഇ സുകുമാരന്റേതായിരുന്നു അവകാശ വാദം. ഈ വ്യാജ പ്രചാരണം വൈറലായതോടെ ജില്ലയില്‍ ഗ്ലൂക്കോസ് വില്‍പന വ്യാപകമായി.

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോയിലാണ്ടിയില്‍ ഗ്ലൂക്കോസ് ചെറിയ കുപ്പികളിലാക്കി വില്‍പന നടത്തിയതായി കണ്ടത്തി. തുടര്‍ന്ന് കൊയിലാണ്ടി താലൂക്കില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ക്ഷന്‍ ഇല്ലാതെയുള്ള ഗ്ലൂക്കോസ് ലായനിയുടെ വില്‍പനയ്ക്ക് നിയന്ത്രണം കൊണ്ടുവരികയായിരുന്നു.

ജില്ലയില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃത ഗ്ലൂക്കോസ് വില്‍പന കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Exit mobile version