ആരോപണങ്ങളുടെ ലക്ഷ്യം മെഡിക്കൽ കോളേജിനെ തകർക്കൽ; ഹാരിസിന്റെ മരണം ഹൃദയാഘാതം മൂലം; ഓക്‌സിജൻ പിന്തുണയില്ലാഞ്ഞിട്ടല്ല:വിശദീകരിച്ച് അധികൃതർ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിരെ ഉയർന്ന ചികിത്സാ പിഴവ് ആരോപണങ്ങൾ സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതനായ ഹാരിസ് മരിച്ച സംഭവത്തിൽ ഓക്‌സിജൻ ട്യൂബ് മാറി കിടന്നത് ആരുംശ്രദ്ധിച്ചിരുന്നില്ലെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകുകയായിരുന്നു പ്രിൻസിപ്പാൾ ഡോ.സതീശ് അടക്കമുള്ള ആശുപത്രി അധികാരികൾ. മാസ്‌ക് മുഖത്ത് വെച്ചിരുന്നെങ്കിലും വെന്റിലേറ്റർ പ്രവർത്തിച്ചിരുന്നില്ലെന്ന ആശുപത്രിയിലെ നഴ്‌സിങ് സൂപ്പർവൈസർ ജലജ ദേവിയുടേയും ഡോക്ടർ നജ്മയുടേയും വെളിപ്പെടുത്തലുകളെ അധികൃതർ തള്ളി. സസ്‌പെൻഡ് ചെയ്ത നഴ്‌സിങ് ഓഫീസറുടെ ആരോപണങ്ങളെ ശരിവച്ചുകൊണ്ടായിരുന്നു ഡോക്ടർ നജ്മയും രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് അധികൃതർ വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടത്.

19ാം തിയതിയാണ് കുവൈറ്റിൽ നിന്ന് ഹാരിസ് എത്തിയത്. ഒരാഴ്ച അസുഖമായി വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം. 25ന് കൊവിഡ് പോസിറ്റീവായി. 26ാം തിയതിയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വളരെ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. അമിത വണ്ണമുള്ളയാളാണ്. അതുകൊണ്ട് തന്നെ ഓക്‌സിജന്റെ ലെവൽ പൊതുവെ കുറവാണ്. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. കൊവിഡ് രോഗം മൂർച്ഛിച്ച അവസ്ഥയിലുമായിരുന്നു. വന്നത് തൊട്ട് 24 ദിവസം മനുഷ്യസാധ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലേക്കെത്തി നിൽക്കുന്ന ഘട്ടത്തിലാണ് ഹാരിസിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉറക്കത്തിൽ കൂർക്കം വലിച്ച് ഓക്‌സിജൻ താഴ്ന്ന് പോകുന്ന അവസ്ഥയുള്ള ആളായിരുന്നു അദ്ദേഹമെന്നും വൈസ് പ്രിൻസിപ്പാൾ പറഞ്ഞു. ഓക്‌സിജന്റെ പിന്തുണയില്ലാത്തത് കൊണ്ടോ വെന്റിലേറ്റർ ട്യൂബ് മാറിയതുകൊണ്ടോ അല്ല ഹാരിസ് മരിച്ചത്. ഹൃദയസ്തംഭനം വന്നിട്ടാണ് അദ്ദേഹം മരിച്ചിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. അനാസ്ഥയുണ്ടെന്ന് പറയുന്ന ഈ ആശുപത്രിയിൽ 24 ദിവസം അദ്ദേഹം എങ്ങനെ തുടർന്നുവെന്നും വൈസ്.പ്രിൻസിപ്പാൾ ചോദിച്ചു.

അതേസമയം, ആരോപണമുന്നയിച്ച നഴ്‌സിങ് സൂപ്പർവൈസർ ഐസിയുവുമായി ബന്ധമുള്ള ആളല്ലെന്നും അവർ കോട്ടയത്ത് നിന്ന് ട്രാൻസ്ഫറായി എത്തിയ സീനിയർ സൂപ്പർവൈസറി പോസ്റ്റുള്ള ഒരു നഴ്‌സിങ് ഓഫീസറാണെന്നും അധികൃതർ പറഞ്ഞു.

കൊവിഡ് ടീമിലുള്ള ഒരു ജൂനിയർ ഡോക്ടറല്ല ഐസിയു പ്രവർത്തിപ്പിക്കുന്നത്. വളരെ സീനിയറായിട്ടുള്ളവർ അടക്കം ഒരേ സമയം നാലോ അഞ്ചോ ഡോക്ടർമാരുണ്ടാകും. ഇവർ ആരോപണം ഉന്നിയിക്കുന്നത് പോലുള്ള കാര്യങ്ങളുണ്ടെങ്കിൽ ഒരാളുടെ കണ്ണിലെങ്കിലും പെടും. ആരോപണം ഉന്നയിച്ച ജൂനിയർ ഡോക്ടർ മരിച്ച രോഗിയെ കണ്ടിട്ടില്ല. മൂന്ന് മാസം മുമ്പ് ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് അറിഞ്ഞെങ്കിൽ ഇതുവരെ അക്കാര്യം പറയാത്തത് എന്തുകൊണ്ടാണ്. സംശയാസ്പദമായ കാര്യങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നും വൈസ്.പ്രിൻസിപ്പാൾ പറഞ്ഞു.

Exit mobile version