ഡ്രൈവര്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, രാത്രിയില്‍ വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്തു കൊടുത്തില്ലെങ്കില്‍ 5000 രൂപ വരെ പിഴ

കൊല്ലം: ഡ്രൈവര്‍മാര്‍ രാത്രിയില്‍ ലൈറ്റ് ഡിം ചെയ്തുകൊടുത്തില്ലെങ്കില്‍ ഇനി കൈയ്യിലുള്ള പണം പോകുമെന്ന് ഉറപ്പാണ്. എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് രാത്രിയില്‍ ലൈറ്റ് ഡിം ചെയ്തു കൊടുക്കാത്തവരെ പിടികൂടാന്‍ പ്രത്യേക സംഘം നഗരത്തില്‍ പരിശോധന തുടങ്ങി.

പിടിയിലാവുന്നവരില്‍ നിന്നും പിഴയീടാക്കും. രണ്ടു ദിവസത്തിനുള്ളില്‍18 വാഹനങ്ങളാണ് അധികൃതരുടെ വലയിലായത്. പിഴയായി ഈടാക്കിയത് 250 രൂപ മുതല്‍ 5000 രൂപ വരെ. രാത്രി ഓടുന്ന വാഹനങ്ങള്‍ പ്രത്യേകിച്ച് നഗരത്തിനുള്ളില്‍ സഞ്ചരിക്കുന്ന കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ലൈറ്റ് ഡിം ചെയ്യുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.

ഇതോടെയാണ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയത്. നാലു സംഘങ്ങളായി തിരിഞ്ഞാണു പരിശോധന. ഹൈസ്‌കൂള്‍ ജംക്ഷന്‍, താലൂക്ക് ഓഫിസ് കവല, ചിന്നക്കട, കപ്പലണ്ടിമുക്ക് ഭാഗങ്ങളില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് 18 വാഹനങ്ങള്‍ കുടുങ്ങിയത്.

പരിശോധനാ സംഘത്തെ വെട്ടിച്ചു കടന്നവരെ മറ്റിടങ്ങളില്‍ നിന്നു പിടികൂടി പിഴ ഈടാക്കി. നഗരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞിട്ടും വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തവര്‍ക്കെതിരെ 250 രൂപ മുതല്‍ 1000 രൂപ വരെ പിഴ ചുമത്തി. അതേ സമയം,വാഹനത്തിന്റെ യഥാര്‍ഥ ഹെഡ് ലൈറ്റ് അഴിച്ചു മാറ്റി പകരം ലെന്‍സുള്ള ഹെഡ് ലൈറ്റ് ഘടിപ്പിച്ച് എതിര്‍ വശത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കു നേരെ തീവ്രമായി പ്രകാശിപ്പിച്ച ഒരു വാഹനവും പരിശോധനാ സംഘം പിടികൂടി. 5000 രൂപയാണ് ഈ വാഹന ഉടമയ്ക്കു പിഴയായി ചുമത്തിയത്.

Exit mobile version