യുഎഇ കോൺസൽ ജനറലും അറ്റാഷെയും നിരവധി തവണ വിദേശ കറൻസി കടത്തി; സ്വപ്നയും സരിത്തും ഖാലിദുമായി ചേർന്ന് ഡോളർ കടത്തി: കസ്റ്റംസ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് യുഎഇ കോൺസൽ ജനറലും അറ്റാഷെയും നിരവധി തവണ വൻതോതിൽ വിദേശകറൻസികൾ കടത്തിയെന്ന് കസ്റ്റംസ്. സ്വപ്നയും സരിത്തും യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദുമായി ചേർന്നാണ് ഒരുലക്ഷത്തി തൊണ്ണൂറായിരം യുഎസ് ഡോളർ മസ്‌ക്കറ്റിലേക്ക് കടത്തിയെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. മസ്‌ക്കറ്റ് വഴി കെയ്‌റോയിലേക്കാണ് പണം എത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റ് 7 നാണ് സംഭവമെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്.

ഒരുലക്ഷത്തി തൊണ്ണൂറായിരം യുഎസ് ഡോളർ വിദേശത്തേക്ക് കടത്തിയതിന് സ്വപ്നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത പുതിയ കേസിന്റെ റിപ്പോർട്ടിലാണ് സ്വപ്നയുടെ മൊഴിയായി ഗുരുതര ആരോപണമുള്ളത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 7 ന് പണമടങ്ങിയ ബാഗ് സുരക്ഷാ പരിശോധനയിൽ പിടിക്കപ്പെടുമോ എന്ന് യുഎഇ കോൺസുലേറ്റിലെ എക്‌സ്‌റേ മെഷീനിൽ പരിശോധിച്ചിരുന്നു. ഇതിന് പുറമേ സരിതിന്റെ ബന്ധം ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സുഗമമായി കടന്നുപോയി.

യുഎഇ കോൺസുൽ ജനറലും അറ്റാഷെയും നിരവധി തവണ വിദേശകറൻസി ഇതേമാർഗത്തിൽ കടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഈ അനധികൃത ഇടപാടിനെക്കുറിച്ച് യുഎഇ കോൺസുലേറ്റിലെ പലർക്കും അറിയാമായിരുന്നു. നിയമവിരുദ്ധമാർഗങ്ങളിലൂടെയാണ് ഇത്രയും വിദേശകറൻസി ഇവർ സ്വരൂപിച്ചിരുന്നതെന്നും സ്വപ്‌ന പറഞ്ഞതായാണ് കസ്റ്റംസ് റിപ്പോർട്ട്.

അതിനിടെ മൊഴി ചോർന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്വപ്നസുരേഷ് കോടതിയെ സമീപിക്കും.

Exit mobile version