വിവാദ ഫോട്ടോഷൂട്ട്; ആ വൈറല്‍ ചിത്രങ്ങള്‍ ഇതാണ്, സമൂഹമാധ്യമത്തില്‍ നിലയ്ക്കാതെ വിമര്‍ശന പെരുമഴ, യാതൊരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് ദമ്പതികള്‍

കൊച്ചി: ഏറെ നാളുകള്‍ക്ക് ശേഷമാണ് സമൂഹമാധ്യമത്തില്‍ ഒരു ഫോട്ടോഷൂട്ട് വിവാദം ഉയര്‍ന്നിരിക്കുന്നത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ഒന്നടങ്കം ചര്‍ച്ചാവിഷയം.

ഫോട്ടാകള്‍ക്ക് നല്ല പ്രതികരണം ചിലര്‍ അറിയിച്ചപ്പോഴും വളരെ മോശം പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഉയരുന്നത്. കേട്ടാല്‍ അറയ്ക്കുന്ന കമന്റുകള്‍ വരെ ചെയ്തവരുണ്ട്. നമ്മുടെ സംസ്‌കാരത്തിന് എതിരാണ് ഇത്തരം ഫോട്ടാഷൂട്ടുകളെന്നാണ് മറ്റുചിലരുടെ അഭിപ്രായം.

തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസാണ് ഈ ഫോട്ടോകള്‍ക്ക് പിന്നില്‍. സോഷ്യല്‍മീഡിയയില്‍ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ഋഷി കാര്‍ത്തിക്കും ലക്ഷ്മിയും രംഗത്തെത്തിയിരുന്നു. ഷൂട്ടില്‍ യാതൊരു തെറ്റുമില്ലെന്നു തന്നെയായിരുന്നു ദമ്പതികളുടെ നിലപാട്.

”എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാര്‍ക്ക് പ്രശ്നമില്ല, ബന്ധുക്കള്‍ക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോള്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോര്‍ട്സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്.

പക്ഷേ, ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം. സാരിയുടെ കുറച്ചു ഭാഗം മാറിയാല്‍ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളില്‍ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാള്‍ സഭ്യത എന്തായാലും ഈ ചിത്രങ്ങള്‍ക്കുണ്ട് എന്നാണ് വിശ്വാസം”- ഋഷികാര്‍ത്തിക് പറഞ്ഞു.

Exit mobile version