ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം; പിന്തുണയുമായി ഗീതു

വഴികൾ സുഗമമല്ല, വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും, രേവതിക്കും പാർവതിക്കും പദ്മപ്രിയയ്ക്കും പിന്തുണയുമായി ഗീതു മോഹൻദാസ്

താരസംഘടനയായ എഎംഎംഎയിൽ നിന്നും രാജിവെയ്ക്കുകയും പരസ്യമായ പ്രതികരണം നടത്തുകയും ചെയ്ത നടി പാർവതിക്കും വിഷയത്തിൽ കടുത്ത നിലപാട് എടുത്ത രേവതിക്കും പത്മപ്രിയക്കും പിന്തുണയുമായി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്.

‘പ്രിയപ്പെട്ട പാർവ്വതി, രേവതിച്ചേച്ചി , പത്മപ്രിയ നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മൾ തിരഞ്ഞെടുത്ത വഴികൾ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങൾ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാൽ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയർത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം.’- ഗീതു കുറിച്ചു.

നേരത്തെ റിപ്പോർട്ടർ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടൻ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് പാർവതി സംഘടനയിൽ നിന്ന് രാജി വച്ചത്.

ഇടവേള ബാബു നാണമില്ലാത്ത വിഡ്ഢിയാണെന്നും രാജിവെയ്ക്കണമെന്നും പാർവതി അഭിപ്രായപ്പെട്ടിരുന്നു. ഇത്രയേറെ കോലാഹലം ഉണ്ടായിട്ടും പരാമർശത്തിൽ താരസംഘടന തുടരുന്ന മൗനത്തിനെതിരെയാണ് രേവതിയും പത്മപ്രിയയും തുറന്ന കത്തുമായി രംഗത്തെത്തിയത്.

സംഘടനയുടെ നേതൃത്വ നിരയിലുള്ള മോഹൻലാൽ, മുകേഷ്, ഇന്ദ്രൻസ്, ജയസൂര്യ, ഹണിറോസ്, രചന നാരായണൻകുട്ടി, ജഗദീഷ്, അജു വർഗീസ്. ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോൻ, സുധീർ കരമന, ടിനി ടോം, ഉണ്ണി ശിവപാൽ തുടങ്ങിയവർക്കാണ് രേവതിയും പദ്മപ്രിയയും കത്തെഴുതിയിരിക്കുന്നത്.

Exit mobile version