കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് ഇളവ് വരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്നാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ. സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗങ്ങളായ കെ നസീര്‍, സി വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബഞ്ച് വ്യക്തമാക്കി.

ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍ നിന്ന് ഒഴിവാക്കിയെന്ന, മഞ്ചേരി എസിഇ പബ്ലിക് സ്‌കൂള്‍ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ സ്‌കൂള്‍ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം.

നിലവിലുള്ളതില്‍ 25 ശതമാനം കുറവ് ചെയ്ത് രക്ഷിതാക്കള്‍ ഫീസ് അടയ്ക്കണം. അങ്ങനെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സിബിഎസ്ഇ റീജിയനല്‍ ഡയറക്ടര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സമൂഹത്തിലെ എല്ലാ വിഭാഗവും കൊവിഡിനെ തുടര്‍ന്ന് തകര്‍ന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

അതേസമയം, നിലവില്‍ 25 ശതമാനം ഫീസ് ഇളവ് അനുവദിച്ച സ്‌കൂളുകള്‍ വീണ്ടും ഇളവ് നല്‍കേണ്ടതില്ല. കൊവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം മാറുന്ന മുറയ്ക്ക് ഇളവ് മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

Exit mobile version