ആ വകുപ്പുകള്‍ പുന പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; മുഖ്യമന്ത്രിക്ക് നടി മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരുടെ കത്ത്

കൊച്ചി; സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വെള്ളായണി സ്വദേശി വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി എന്നിവരുടെ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. അറസ്റ്റ് ഒഴിവാക്കണമെന്നും പ്രശ്‌ന പരിഹാരത്തിനാണ് വിജയ് പി നായരെ നേരിട്ട് കാണാന്‍ പോയതെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യുന്നത്
ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് സാമൂഹിക-സാംസ്‌കാരിക-കലാ രംഗത്തെ പ്രമുഖര്‍.

നടി ഭാവന, മഞ്ജു വാര്യര്‍, രഞ്ജി പണിക്കര്‍, കമല്‍ അടക്കമുള്ളവരാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരേ സൈബറിടത്തില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ജാഗ്രതയും നിയമനിര്‍മ്മാണവും ഉണ്ടാകുമെന്ന് പ്രസ്തുത വിഷയത്തെ പരാമര്‍ശിച്ച് അങ്ങും ഉറപ്പ് നല്കിയിരുന്നുവെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ഭാഗ്യലക്ഷ്മിയുടെയും മറ്റ് 2 പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്. പ്രസ്തുത വീഡിയോയ്‌ക്കെതിരേ കേരളത്തില്‍ പല ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രതികരിച്ചിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് സൈബറിടത്തില്‍ നിന്ന് നിരന്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഭാഗ്യലക്ഷ്മിയും കൂട്ടുകാരും പ്രതികരിച്ചതെന്നും കത്തില്‍ പറയുന്നു.

പക്ഷെ പൊലീസ്, IPC 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു. പ്രസ്തുത വകുപ്പുകള്‍ ഈ കേസില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍,ഈ വകുപ്പുകള്‍ പുന പരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യര്‍ത്ഥനയായി അങ്ങ് പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു.

Exit mobile version