കൊറോണയൊക്കെ അല്ലേ, ചിലർ ജീവിച്ചിരിപ്പില്ലെന്ന് കരുതിയാൽ മോശമല്ലേ? തോന്നുന്നത് പറയട്ടെ: പാർവതിക്ക് എതിരെ പരിഹാസവുമായി കെബി ഗണേഷ് കുമാർ

കൊച്ചി: താരസംഘടന എഎംഎംഎയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജിവെച്ച സംഭവം ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ആണെന്ന പരിഹാസവുമായി നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. കൊറോണ കാലമായതിനാൽ ചിലർ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലേ. അതു കൊണ്ട് ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ഒക്കെ മുന്നിൽ ചിലർ വന്നുനോക്കുമെന്നും ഗണേഷ് കുമാർ പാർവതിക്ക് എതിരെ ഒളിയമ്പെയ്തു. നടി പാർവതി അമ്മയിൽ നിന്ന് രാജിവച്ചതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

‘കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരുപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലേ? എല്ലാവർക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആർക്കും എന്തും പറയാം. അവരുടെ മനസ്സിൽ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാൻ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ’, ഗണേഷ് കുമാർ പറഞ്ഞു.

നേരത്തെ റിപ്പോർട്ടർ ടിവി ചർച്ചയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ ‘മരിച്ചുപോയ’വരോട് ഉപമിച്ച് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇടവേള ബാബുവിനെതിരെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

അതേസമയം, നടിയെ മരിച്ചവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് പാർവതി അമ്മയിൽ നിന്ന് രാജി വെച്ചത്. ഇടവേള ബാബുവിന്റെ പ്രസ്താവന ലജ്ജാകരമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാർവ്വതിയുടെ രാജി.

Exit mobile version