മുസ്ലീം പേരിനോട് ഓക്കാനമോ; ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയല്ല സര്‍വ്വകലാശാല സ്ഥാപിച്ചത്; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിമര്‍ശനത്തിനെതിരെയാണ് ചന്ദ്രികയിലെ മുഖപ്രസംഗം.

ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍ മുസ്ലീമിനെ വി.സിയായി നിയമിച്ചതിനെതിരായ വെള്ളപ്പള്ളിയുടെ നിലപാട് സംഘ്പരിവാറിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതതന്നെയാണ്. ഗുരുനിഷേധമാണിതെന്നും മുസ്ലിം പേരിനോട് ഓക്കാനമോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ പറയുന്നു.

ശ്രീനാരായണഗുരുവിന്റെ നാമം ആലേഖനം ചെയ്തതുകൊണ്ട് കേരള ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഉന്നതസ്ഥാനീയനായ വ്യക്തി നാരായണഗുരുവിന്റെ സമുദായത്തില്‍ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണെന്നേ പറയേണ്ടതുള്ളൂവെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയല്ല സര്‍വ്വകലാശാല സ്ഥാപിച്ചത്. സാധാരണയായി ഒരുമഹാന്റെ നാമത്തില്‍ വിദ്യാഭ്യാസസ്ഥാപനമോ മറ്റോ സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ മഹത്വം വരുംതലമുറയിലേക്കുകൂടി സന്നിവേശിപ്പിക്കുന്നതിനുവേണ്ടിയാണെന്നും ലേഖനം വ്യക്തമാക്കുന്നു.

‘ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും ഉപദേശിച്ച നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ.

വെള്ളാപ്പള്ളിയുടെ വാചാടോപം ബി.ജെ.പിയാദി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ മുസ് ലിം പ്രൊഫസര് പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷഭാഷയാണിതിലും. കേരളത്തിലെ സര്വകലാശാലകളില് മുസ്ലിം സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

Exit mobile version