വര്‍ഷങ്ങളുടെ കാത്തിരിപ്പില്‍ അവസാനം കണ്ണീര്‍; ആരോഗ്യമുള്ള ഇരട്ടപെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി രാജലക്ഷ്മി വിടവാങ്ങി, കണ്ണീരോടെ കുടുംബം

പള്ളുരുത്തി; ആരോഗ്യമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി രാജലക്ഷ്മി വിടവാങ്ങി. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷമാണ് 28കാരിയായ രാജലക്ഷ്മി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി പുരം വീട്ടില്‍ ഷിനോജിന്റെ ഭാര്യയാണ് രാജലക്ഷ്മി. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

8 മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നല്‍കിയ ഇരട്ടപെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണത്തിന് ഇടയാക്കിയത്.

അതേസമയം, കൊവിഡ് നെഗറ്റീവായ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങള്‍ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗര്‍ഭം ധരിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്‌കാരം ഇന്ന് ഇടക്കൊച്ചിയില്‍ നടത്തും.

Exit mobile version