വീടിന്റെ ഗേറ്റിനോട് ചേര്‍ന്ന് പരസ്യ മദ്യപാനം; ചോദ്യം ചെയ്തതിന് സിപിഎം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം, താടിയെല്ല് തകര്‍ന്നു, ഇരുമ്പ് തണ്ടുകൊണ്ട് വാരിയെല്ലിനും അടി

ചേര്‍പ്പ്: ചിറയ്ക്കല്‍ സ്‌കൂള്‍ മൈതാനത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം. സിപിഎം കര്‍ഷക സംഘം ചേര്‍പ്പ് ഏരിയ കമ്മിറ്റി അംഗവും, വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായ തൈപ്പറമ്പത്ത് രാജു(50)വിനാണ് ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. പതിവായി മൈതാനത്ത് മദ്യപാനമുണ്ടെങ്കിലും ഈ സംഘം തന്റെ വീടിനോട് ചേര്‍ന്നുള്ള മതിലിനടുത്തുള്ള ഗേറ്റില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നുവെന്ന് രാജു ബിഗ് ന്യൂസിനോട് പറഞ്ഞു.

ശേഷം വാഹനം അല്‍പ്പം മാറ്റിയിട്ട ശേഷം മദ്യപിച്ചാല്‍ പോരെ എന്ന് ചോദിച്ചതിനു പിന്നാലെ മറുപടിയൊന്നുമില്ലാതെ വാഹനത്തിന് പുറകില്‍ നിന്നൊരാള്‍ കമ്പിവടിയില്‍ അടിക്കുകയായിരുന്നുവെന്നും രാജു പറയുന്നു. മുഖം പൊടുന്നനെ മാറ്റിയതിനാല്‍ അടിയേറ്റത് താടിയെല്ലിനായിരുന്നു. ശക്തമായതും അപ്രതീക്ഷിതമായതുമായ അടിയില്‍ താടിയെല്ല് തകര്‍ന്നു. അടിയേറ്റ് നിലത്തുവീണ രാജുവിനെ ശേഷം കാറിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇരുമ്പ് വടിക്കും ഇഷ്ടികയ്ക്കും മറ്റും വാരിയെല്ലുകള്‍ക്ക് അടിക്കുകയുമായിരുന്നുവെന്നും രാജു ബിഗ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, ഒരു തര്‍ക്കത്തില്‍ തുടര്‍ന്നുള്ള മര്‍ദ്ദനമല്ലെന്നും പ്രൊഫഷണല്‍ ആയിട്ടുള്ള ഗുണ്ടാസംഘത്തിലെ ആളുകളാണ് ഇതിന് പിന്നിലെന്നും രാജു പറയുന്നു. വാരിയെല്ലുകള്‍ മാത്രം ലക്ഷ്യം വെച്ചുള്ള മര്‍ദ്ദനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടത്തില്‍ ഒരാളെ മാത്രം തിരിച്ചറിയാന്‍ സാധിക്കുമെന്നും രാജു വ്യക്തമാക്കി. പ്രദേശവാസിയായ പാലിയത്താഴത്ത് അമീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ രാജുവിനെ ചേര്‍പ്പ് ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശസ്ത്രക്രിയയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം, സംഭവത്തില്‍ ചേര്‍പ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കര്‍ഷകസംഘം ചേര്‍പ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പാലിയ താഴ്ത്ത് അമീര്‍ ഇതിനു മുന്നും പുറത്ത് നിന്ന് ക്രിമിനലുകളെ എത്തിച്ച് പ്രശനങ്ങള്‍ ഉണ്ടാക്കിയിതായും റിപ്പോര്‍ട്ടുകളുണ്ട്. 2014 ലും സമാനമായ സംഭവം ചോദ്യം ചെയ്തതിന്റെ പേരില്‍ വീടിന്റെ പരിസരത്തെത്തി ആക്രമിച്ചിരുന്നു. അന്ന് ഈ കേസ് ചേര്‍പ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടും ഇത്തരം അക്രമങ്ങള്‍ പ്രദേശത്ത് ഏറി വരികയാണ്. പൊതുജനങ്ങള്‍ക്കും വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. അക്രമ പരമ്പരകളും ഏറിവരുന്ന ഈ സാഹചര്യത്തില്‍ കടുത്ത നടപടി തന്നെ വേണമെന്നാണ് ഉയരുന്ന ആവശ്യം. ഗുണ്ടാസംഘങ്ങളുടെ ഈ വിളയാട്ടം കുടുംബങ്ങളെയും സാരമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. അതിന് ഉദാഹരമാണ് രാജുവിനേറ്റ മൃഗീയ മര്‍ദ്ദനം. രാജുവിനേറ്റ മര്‍ദ്ദനത്തില്‍ പ്രദേശത്ത് പ്രതിഷേധ ധര്‍ണ്ണയും നടത്തി.

Exit mobile version