കാലടിയില്‍ ബൈക്ക് മോഷ്ടാക്കളായ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായത് മോഷ്ടിച്ച ബൈക്കില്‍ കാമുകിയെ കാണാനുള്ള യാത്രയില്‍

ആലുവ: കാലടിയില്‍ ബൈക്ക് മോഷ്ടാക്കളായ അഞ്ചുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ കല്ലാട്ടേരി പള്ളിപ്പുറം വെര്‍ക്കോലി വീട്ടില്‍ വിജയ് (20) ചിറ്റൂര്‍ എളപ്പുള്ളി മാമ്പുള്ളി വീട്ടില്‍ സുബിന്‍ (22) തൃശൂര്‍ അളകപ്പനഗര്‍ വരക്കാര കപ്പേള നെടുവേലിക്കുടി വീട്ടില്‍ ബിന്റോ (25) എന്നിവരും രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ് പോലീസിന്റെ വലയില്‍ വീണത്.

ഇവരില്‍ നിന്ന് അഞ്ച് ആഡംബര ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല റോഡില്‍ വാഹന പരിശോധനക്കിടയിലാണ് രണ്ടു ബൈക്കുകളിലായി അഞ്ച് പേര്‍ വരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബൈക്കുകള്‍ക്ക് നമ്പര്‍ പ്ലേറ്റില്ലായിരുന്നു. ഇവരെ കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ ചുരളഴിയുന്നത്.

മോഷ്ടിച്ച ബൈക്കുകളില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുടെ മലയാറ്റൂരുള്ള കാമുകിയെ കാണാനെത്തിയതായിരുന്നു സംഘം. ഇതിനിടയിലാണ് ഇവര്‍ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഇവ വിറ്റുകിട്ടുന്ന പണം ലഹരി ഉപയോഗിക്കാനും ആഡംബര ജീവിതത്തിനുമാണ് ചിലവിടുന്നതെന്നും പോലീസ് പറഞ്ഞു. സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ മെക്കാനിക്കാണ്.

ലോക്ക് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്ക് വിദഗ്ധമായി സ്റ്റാര്‍ട്ട് ചെയ്ത് പുറത്തെത്തിക്കുന്നത് ഇയാളാണ്. തുടര്‍ന്ന് പാലക്കാട് എത്തിച്ച് വില്‍പന നടത്തുന്നതാണ് സംഘത്തിന്റെ രീതി.

Exit mobile version