കള്ളന്‍ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു; ഓണ്‍ലൈന്‍ പഠനം താളംതെറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി ബോബി ചെമ്മണ്ണൂര്‍

വള്ളിക്കുന്ന്: അര്‍ധരാത്രി വീട്ടില്‍ കയറിയ കള്ളന്‍ കൊണ്ടുപോയത് കുട്ടികളെ പഠനത്തിന് വേണ്ടി മാത്രമായ മൊബൈല്‍ ഫോണുകള്‍ കൂടിയാണ്. ഇതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തിലായി. എന്നാല്‍ കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരിക്കുകയാണ്.

നഷ്ടമായ ഫോണുകള്‍ക്ക് പകരം പുത്തന്‍ മൊബൈല്‍ ഫോണുമായി ചൊവ്വാഴ്ച ഇദ്ദേഹം വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തുമെന്ന് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ചേലേമ്പ്ര കുറ്റിപ്പറമ്പ് നമ്പീരി ലത്തീഫിന്റെ വീട്ടില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടാവ് കവര്‍ന്നത്. ലത്തീഫിന്റെ നാല് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം ഇതോടെ മുടങ്ങി.

ഇതറിഞ്ഞ ബോബി ചെമ്മണ്ണൂര്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് സന്നദ്ധത അറിയിച്ച് രംഗത്ത് വരികയായിരുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹം അറിയിച്ചത്. തുടര്‍ന്നാണ് ലത്തീഫിന്റെ വീട്ടില്‍ വിളിച്ച് ചൊവ്വാഴ്ച ഫോണുമായി എത്താമെന്നറിയിച്ചത്.

വീട്ടില്‍ ടിവിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിനായാണ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. വിദേശത്തുള്ള ലത്തീഫ് കൊവിഡ് മൂലം ജോലിയില്ലാതെയിരിക്കവെയാണ്, മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്.

Exit mobile version