കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത് പച്ചക്കള്ളം, സ്മിതാ മേനോനെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് ഇന്ത്യന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി തന്നെ; കള്ളങ്ങള്‍ പൊളിച്ചടുക്കി വീഡിയോ പുറത്ത്

തിരുവനന്തപുരം: അബുദാബി മന്ത്രിതല സമ്മേളനത്തില്‍ സ്മിത മോനോന്‍ പങ്കെടുത്തത് മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കാണെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാദം പൊളിച്ചടുക്കി വീഡിയോ. പി ആര്‍ ഏജന്‍സി ഉടമ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് ഇന്ത്യന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയാണെന്ന് വ്യക്തമായി.

വിദേശകാര്യ വകുപ്പ് പുറത്തുവിട്ട സമ്മേളനത്തിന്റെ യു ട്യൂബ് ദൃശ്യങ്ങളാണ് ഇത് സ്ഥിരീകരിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം സ്മിതാ മേനോന്‍ ഡയസില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സ്മിതാ മേനോനെ പ്രോട്ടോകോള്‍ ലംഘിച്ചാണ് മുരളീധരന്‍ ഇന്ത്യന്‍ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രസംഗിക്കുന്ന സമയത്ത് സ്മിത പിറകില്‍ നോക്കിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വിദേശകാര്യ വകുപ്പിന്റെ യു ട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. 2019 നവംബര്‍ എട്ടിനാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്.

വി മുരളീധരനെതിരായ പരാതി ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുത്തതോടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തില്‍ മുരളീധരന്‍ നയതന്ത്ര ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

രാജ്യാന്തരതലത്തില്‍ ഇന്ത്യക്ക് അവമതിപ്പുളവാക്കിയെന്നാണ് അനുമാനം. സ്മിതാ മേനോന്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കാണ് പങ്കെടുത്തതെന്നും ആര്‍ക്ക് വേണമെങ്കിലും ഇതിന് അനുമതി നല്‍കുമായിരുന്നുവെന്നും പറഞ്ഞാണ് മുരളീധരന്‍ പിടിച്ചുനിന്നത്. എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങള്‍ ആ കള്ളം പൊളിച്ചു.

Exit mobile version