വാട്‌സ്ആപ്പ് സ്റ്റാറ്റസ് 30 വ്യൂവര്‍ കടന്നാല്‍ 500 രൂപ; തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്

കോഴിക്കോട്: വാട്‌സ്ആപ്പ് സ്റ്റാറ്റസിന് 30 ല്‍ കൂടുതല്‍ വ്യൂവര്‍ ഉണ്ടോ എങ്കില്‍ 500 രൂപ ലഭിക്കുമെന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്. ഫേസ്ബുക്കിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുന്നത്.

സ്റ്റാറ്റസിലൂടെ ദിവസവും അഞ്ഞൂറ് രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ മുപ്പതില്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ എന്നാണ് തട്ടിപ്പുകാര്‍ നല്‍കിയിരിക്കുന്ന പരസ്യം.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ് ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യതയെന്നും പോലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തട്ടിപ്പിൻ്റെ പുതുവഴികൾ:
സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം
എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം
സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.

Exit mobile version