കോടതി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും കൊവിഡ്; കോഴിക്കോട്ടെ കോടതികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ ഓണ്‍ലൈനില്‍

കോഴിക്കോട്: കോടതി ജീവനക്കാരിലും അഭിഭാഷകരിലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ കോടതികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ ഓണ്‍ലൈനില്‍. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോടതികളില്‍ വിര്‍ച്വല്‍ മീറ്റിംഗ് മാത്രമേ ഉണ്ടാവുകയുള്ളൂ.

കോഴിക്കോട് ബാര്‍ അസോസിയേഷനാണ് കോടതി നടപടികള്‍ ഓണ്‍ലൈനിലാക്കണമെന്ന അപേക്ഷ നല്‍കിയത്. അപേക്ഷ അംഗീകരിച്ച ഹൈക്കോടതി ഇതിനായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്‌സിലെ എല്ലാ കോടതികളും, മാറാട് അഡീഷണല്‍ കോടതി, വഖഫ് ട്രീബ്യൂണല്‍ എന്നിവിടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും.

അതേസമയം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. കഴിഞ്ഞ ദിവസം മാത്രം 1576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version