സ്വിച്ച് ബോര്‍ഡില്‍ നിന്നും പുക; നിമിഷങ്ങള്‍ക്കകം കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചു, ഞെട്ടല്‍ മാറാതെ തലയോലപ്പറമ്പിലെ ലൈലാമണി

തലയോലപ്പറമ്പ്: കണ്ടു കൊണ്ടിരിക്കുമ്പോള്‍ ടിവി പൊട്ടിത്തെറിച്ചു. കണ്‍മുന്‍പില്‍ നടന്ന പൊട്ടിത്തെറിയില്‍ അമ്പരപ്പ് ഇപ്പോഴും ലൈലാമണിക്ക് വിട്ടുമാറിയിട്ടില്ല. ടിവി പൊട്ടിത്തെറിച്ചതിനു പിന്നാലെ വയറിങ്, വീട്ടു സാധനങ്ങള്‍, തുണികള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.

വടയാര്‍ മാക്കോ കുഴിയില്‍ അര്‍ജുനന്റെ വീട്ടിലെ ടിവി ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് പൊട്ടിത്തെറിച്ചത്. സംഭവം നടക്കുമ്പോള്‍ മാതാവ് ലൈലാമണി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സ്വിച്ച് ബോര്‍ഡില്‍ നിന്നും പുക ഉയരുന്നത് കണ്ട് ലൈലാമണി വീടിനു പുറത്തേക്ക് ഓടി. പിന്നാലെ ടിവി പൊട്ടിത്തെറിച്ച് വയറിങ് കത്തി ഇതില്‍നിന്നും മുറിക്കുള്ളിലെ അഴയില്‍ തീ പടര്‍ന്ന് തുണികള്‍ പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു.

ലൈലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ വീട്ടില്‍ നിന്നും മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് അരമണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാനായത്.

Exit mobile version