മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് എതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്

ന്യൂഡൽഹി: ഹഥ്‌റാസിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും എതിരെ ഉത്തർപ്രദേശ് പോലീസ് യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. ആതിഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് സിദ്ദീഖിന് ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ.

ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന, യുഎപിഎയിലെ സെക്ഷൻ 17 ഉം ഇവർക്കെതിരായ എഫ്‌ഐആറിൽ ചുമത്തിയിട്ടുണ്ട്. ഹഥ്‌റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സിദ്ദീഖിനെയും സംഘത്തെയും മഥുരയിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തത്.

സംശയിക്കത്തക്ക ചില ആളുകൾ ഡൽഹിയിൽനിന്ന് ഹാഥ്‌റസിലേക്ക് പോകുന്നതായി വിവരം വിവരം ലഭിച്ചിരുന്നുവെന്ന് യുപി പോലീസ് പത്രക്കുറിപ്പിൽ പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവയും സംസ്ഥാനത്തെ ശാന്തതയും ക്രമസമാധാനവും തകർക്കാൻ സാധ്യതയുള്ള ചില പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തായും പോലീസ് അറിയിച്ചു. തങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു.

Exit mobile version