കൊവിഡ് പശ്ചാത്തലത്തില്‍ ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ; ടിക്കറ്റ് എടുക്കുമ്പോഴുണ്ടാകുന്ന സമ്പര്‍ക്കം കുറയ്ക്കുക ലക്ഷ്യം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കായി ഇ ടിക്കറ്റുകള്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ. കൊച്ചി വണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഇനി ടിക്കറ്റെടുക്കാം. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കും സമ്പര്‍ക്കവും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോയുടെ പുതിയ നടപടി.

കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും ആപ്പില്‍ എന്റര്‍ ചെയ്താല്‍ യാത്രയുടെ വിശദാംശങ്ങളും ടിക്കറ്റ് നിരക്കും സ്‌ക്രീനില്‍ തെളിയും. പണമടച്ച് കഴിയുമ്പോള്‍ ക്യൂആര്‍ കോഡ് സഹിതം ടിക്കറ്റ് വിശദാംശങ്ങള്‍ ആപ്പില്‍ ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ഡിലെ ബാലന്‍സില്‍ നിന്ന് തന്നെ ടിക്കറ്റിന്റെ പണം നല്‍കാം. കാര്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം.

ആപ്പില്‍ തെളിയുന്ന ക്യൂ ആര്‍ കോഡ് മെട്രോ പ്ലാറ്റ് ഫോമിലേക്കുള്ള ഓട്ടോമാറ്റിക് ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് അകത്ത് പ്രവേശിക്കാം. അതേസമയം ഒരു മൊബൈല്‍ അക്കൗണ്ടില്‍ നിന്ന് ഒരു ടിക്കറ്റ് മാത്രമാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ഒരു അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

Exit mobile version