വിവാഹ വിവരങ്ങള്‍ നാലു ദിവസം മുന്‍പ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം, തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത പാടില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തൃശ്ശൂര്‍ ജില്ല

തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ജില്ലാഭരണകൂടം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോതു കുറയ്ക്കാനുള്ള ശ്രമമാണ് ജില്ല ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജനപ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, എഇഒമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ക്രോഡീകരിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, അധ്യാപകര്‍ എന്നിവരെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രവര്‍ത്തനം വിപുലമാക്കും.

കോവിഡ് രോഗവ്യാപനം ഏറെയുള്ള ഇടങ്ങളില്‍ നിന്നു രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ സ്വകാര്യ സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും. മിനി ബസുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതോടൊപ്പം ആശുപത്രികളിലെ ആംബുലന്‍സ് സൗകര്യവും വിപുലപ്പെടുത്തും.

സ്വകാര്യ ആശുപത്രികളില്‍ എത്ര പേരെ വരെ ചികിത്സിക്കാമെന്നതില്‍ രണ്ടുദിവസത്തിനകം ധാരണ ഉണ്ടാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റുകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന കര്‍ശനമാക്കണം.

വഴിയോരത്തുള്ള അനധികൃത മീന്‍, പച്ചക്കറി കച്ചവടങ്ങള്‍ നിരോധിക്കും. വിവാഹ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ നാലു ദിവസം മുന്‍പു നല്‍കണം. തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത പാടില്ലെന്നും അറിയിച്ചു.

പൊലീസ് സ്റ്റേഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവാഹത്തലേന്നു വീടുകളിലെത്തി വിവരങ്ങള്‍ ആരായും. തൊഴിലുറപ്പു തൊഴിലാളികള്‍ കൂട്ടമായിരുന്നു ഭക്ഷണം കഴിക്കുന്നതു നിരോധിക്കും. കോവിഡ് നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയാല്‍ കടകള്‍ അടച്ചു പൂട്ടും.

Exit mobile version