പൊന്നാനിയിൽ അറബിക് സർവ്വകലാശാല; കെഎം കാസിം കോയയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തി

പൊന്നാനി: അറബിക് സർവ്വകലാശാല പൊന്നാനിയിൽ, പ്രമുഖ അറബി ഭാഷാ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ സൈനുദ്ദീൻ മഖ്ദൂമിന്റെ പേരിൽ അനുവദിക്കുക എന്ന നിവേദനവുമായി പൊന്നാനി ജനകീയ കൂട്ടായ്മയയുടെ ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗവുമായ കെഎം മുഹമ്മദ്കാസിം കോയയുടെ നേതൃത്വത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനുമായി കൂടികാഴ്ച്ച നടത്തി.

കേരള സർക്കാറിന്റെ പരിഗണനയിലുള്ള അറബിക് സർവ്വകലാശാല പൊന്നാനി താലൂക്കിൽ സൈനുദ്ദീൻ മഖ്ദൂമിന്റെ പേരിൽ ആരംഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യം എന്ന് കെഎം കാസിംകോയ ബിഗ്‌ന്യൂസ് ലൈവിനോട് പറഞ്ഞു. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ സർവ്വകലാശാല വരുന്നതോടെ യൂറോപ്പ് ,അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്ന തരത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കണം. അതിനു അറബി ഭാഷാ പഠനത്തോടൊപ്പം മറ്റ് വിഷയങ്ങളും സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സുകളും പഠിക്കാൻ ആവുന്ന രീതിയിലുള്ള കാഴ്ചപ്പാടോടെ ആവണം പുതിയ സർവ്വകലാശാല വിഭാവനം ചെയ്യേണ്ടത് എന്നും സർക്കാരിനോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

ലോകത്ത് അറിയപ്പെടുന്ന പ്രതിഭയായ 29 ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച വ്യക്തിത്വമാണ് ശൈഖ് സൈനുദ്ധീൻ മഖ്ദൂം .അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളായ ഫത്ത്ഹുൽ മുഈൻ, തുഹ്ഫത്തുൽ മുജാഹിദീൻ, ഇർഷാദുൽ ഇബാദ, അൽ അജ്‌വിബതുൽ അജീബ തുടങ്ങിയവ ലോകപ്രശസ്തമായതും വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റികളിൽ പഠനം നടക്കുന്നവയുമാണ്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ നാമകരണത്തിൽ സർവ്വകലാശാല സ്ഥാപിക്കപ്പെടണം എന്നാഗ്രഹിക്കുന്നതെന്നും ജനകീയ കൂട്ടായ്മ നേതാക്കൾ പറഞ്ഞു. പൊന്നാനി താലൂക്കിൽ നിലവിൽ സർക്കാർ കോളേജുകൾ ഇല്ലാത്ത സാഹചര്യം കൂടി പരിഗണിച്ച് സർവകലാശാല പൊന്നാനിയിൽ തന്നെ അനുവദിക്കണമെന്നാണ് ആവശ്യം.

ഇക്കാര്യങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് സ്പീക്കർക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എകെ ബാലനും ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനും നിവേദനം നൽകിയിട്ടുണ്ട് ജനകീയ കൂട്ടായ്മ. ആവശ്യം അനുഭാവപൂർവ്വം സർക്കാർ പരിഗണിക്കുമെന്ന് സ്പീക്കർ ജനകീയ കൂട്ടായ്മ നേതൃത്വത്തോട് പറഞ്ഞു

നൽകി സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗവും ജനകീയ കൂട്ടായ്മ ചെയർമാനുമായ കെ എം മുഹമ്മദ്കാസിം കോയ, ശാഹുൽഹമീദ് പുതുപൊന്നാനി,ഹനീഫ മുസ്ല്യാർ വെളിയങ്കോട്, ഫളൽ മൗലവി, കെഎം ഇബ്രാഹിം ഹാജി, ഉമ്മർ പിപി, ഇസ്മാഈൽ അൻവരി, ഹസൈനാർ മുസ്ല്യാർ, റഫീഖ് സഅദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version