സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നുകൊടുക്കുന്നു; പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനമില്ല

പത്തനംതിട്ട: നീണ്ട ഏഴ് മാസങ്ങള്‍ക്ക് ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നുകൊടുക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.

പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനമില്ല. പ്രതിദിനം 30 വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. ജീപ്പിലും കാറിലും മാത്രമേ പ്രവേശിക്കാവു. സഞ്ചാരികള്‍ ഒറ്റദിവസംകൊണ്ട് കാഴ്ചകള്‍ പൂര്‍ത്തിയാക്കി മടങ്ങണം. ആങ്ങംമുഴി കൊച്ചാണ്ടി ചെക്‌പോസ്റ്റ് വഴിയും വള്ളക്കടവ് ചെക്ക്‌പോസ്റ്റ് വഴിയുമാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

‘ഓര്‍ഡിനറി’ എന്ന ചിത്രത്തിലൂടെയാണ് ഗവിയുടെ ഭംഗി ആളുകളുടെ മനംകവര്‍ന്നത്.
കിലോമീറ്ററുകളോളം മഞ്ഞ് മൂടിയ കാടിന്റെ ഭംഗിയും വഴിയോരത്തെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവുമാണ് വിനോദസഞ്ചാരികളെ ഗവിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗവിയില്‍ കൊടുംവേനലില്‍പ്പോലും വൈകിട്ടായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണ്. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല.

Exit mobile version