സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയില്‍ ‘കണ്ണുകടിയുമായി’ ബിജെപി! കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ബിജെപി ബഹിഷ്‌കരിക്കും; മന്ത്രിമാരേയും മുഖ്യമന്ത്രിയെയും വഴി തടയുമെന്ന് ഭീഷണി

കേന്ദ്രമന്ത്രി ഉദ്ഘാടനത്തിനെത്തുന്നത് ഔദ്യോഗിക പരിപാടിയായി മാത്രമേ ബിജെപി കാണുന്നുള്ളൂ.

കണ്ണൂര്‍: സംസ്ഥാനം ഒട്ടാകെ കാത്തിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്. ചടങ്ങിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി എത്തുന്നത് ഔദ്യോഗികമായി മാത്രമാണെന്നും സത്യപ്രകാശ് പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചും ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപിയുടെ ബഹിഷ്‌കരണം.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികള്‍ ബിഷ്‌കരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ വിമാനത്താവള ഉദ്ഘാടന പരിപാടിയും ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്.

കേന്ദ്രമന്ത്രി ഉദ്ഘാടനത്തിനെത്തുന്നത് ഔദ്യോഗിക പരിപാടിയായി മാത്രമേ ബിജെപി കാണുന്നുള്ളൂ. അദ്ദേഹത്തിന് വരികയോ വരാതിരിക്കുകയോ ചെയ്യാം. അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സത്യപ്രകാശ് തുറന്നടിച്ചു. ഇതിനു പിന്നാലെ യുഡിഎഫും ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version