തല്‍ക്കാലം രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചതായി എംടി രമേശ്; എപി അബ്ദുള്ള കുട്ടിയുടെ നിയമനത്തില്‍ സന്തോഷമെന്നും രമേശ്

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശോഭാസുരേന്ദ്രന്‍ രാഷട്രീയ വനവാസത്തിലാണെന്ന പ്രചരണം ശരിവെച്ചു കൊണ്ടാണ് എംടി രമേശിന്റെ പ്രതികരണം. ചാനല്‍ ചര്‍ച്ചകളിലും സമര മുഖത്തും സജീവമായി നിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ കുറെ മാസങ്ങളായി പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇതിനെ ചൊല്ലിയുള്ള പ്രചരണങ്ങള്‍ നടക്കവെയാണ് എംടി രമേശിന്റെ പ്രതികരണം. ബിജെപിയില്‍ അഴിച്ചുപണി വന്നതിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.

ശോഭ വീണ്ടും സജീവമാകണെന്നാണ് തന്റെ അഭിപ്രായമെന്നും എംടി രമേശ് വ്യക്തമാക്കി. അതേസമയം, എപി അബ്ദുള്ള കുട്ടിയുടെ നിയമനത്തിലും സന്തോഷമെന്ന് രമേശ് പ്രതികരിക്കുന്നു. അബ്ദുള്ളകുട്ടി ദേശീയ വൈസ്പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാണമെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു.

അബ്ദുള്ളകുട്ടിയുടെ പുതിയസ്ഥാനലബ്ദി പ്രതീക്ഷിച്ചതല്ല പക്ഷേ കേരളരാഷ്ട്രീയത്തില്‍ തീരുമാനം ഗുണം ചെയ്യും. കുമ്മനം രാജശേഖരനും പികെ കൃഷ്ണദാസും ദേശീയഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു,അവരെ അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല പക്ഷേ തിരുവന്തപുരം ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനില്ലെന്നും എംടി രമേശ് വ്യക്തമാക്കി.

Exit mobile version