കര്‍ഷകരുടെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ എംപി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീം കോടതിയെ സമീപിച്ചു. കര്‍ഷകരുടെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് ടിഎന്‍ പ്രതാപന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമം. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാനം സുപ്രീംകോടതിയ സമീപിക്കാന്‍ തീരുമാനിച്ചത്.

കേരളത്തെ കൂടാതെ കൂടുതല്‍ സംസ്ഥാനങ്ങളും കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങിയത്.

പാര്‍ലമന്റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്ക് ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് അഗ്രീമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ആക്ട്, എസ്സന്‍ഷന്‍ കമ്മോഡിറ്റീസ് ആക്ട് എന്നിവയ്ക്കാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

Exit mobile version