വിജയ് പി നായരുടെ സൈക്കോളജി ഡോക്ടറേറ്റ് തട്ടിപ്പ്; സർട്ടിഫിക്കറ്റ് ചെന്നൈയിലെ കടലാസ് സർവകലാശാലയുടേത്; നിയമനടപടി ആരംഭിച്ചു

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അശ്ലീലമായി ആക്ഷേപിക്കുന്ന വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സർവകലാശാലയിൽ നിന്നാണ് ഇയാൾ ഡോക്ടറേറ്റെടുത്തിട്ടുള്ളതെന്നാണ് വിവരം. അതുകൊണ്ടുതന്നെ, ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങി.

യൂട്യൂബിലെ ചാനലിലൂടെ ഇയാൾ ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നും വാദിച്ചാണ് അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോകൾക്ക് വിശ്വാസ്യത കൂട്ടാനായിരുന്നു വിജയ് പി നായരുടെ ഡോക്ടറേറ്റ് അവകാശവാദം. ചെന്നൈയിലെ ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയിൽ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സർവകലാശാല ഇല്ല. ആകെയുള്ള ഈ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു.

റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ റജിസ്‌ട്രേഷനുള്ളവർക്കു മാത്രമേ ക്ലിനിക്കൽ സൈക്കോളിസ്റ്റ്‌സെന്ന പേര് ഉപയോഗിക്കാൻ കഴിയൂ. വിജയ് പി നായർക്കു രജിസ്‌ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അറിയിച്ചു.

Exit mobile version