കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സമരത്തിന് മുൻനിരയിൽ; കൊവിഡ് വിവരം മറച്ചുവെച്ച അഭിജിത്തിന് പിന്തുണയും; പിന്നാലെ വിഎസ് ജോയിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സമരത്തിനിറങ്ങിയ മറ്റൊരു കോൺഗ്രസ് നേതാവിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കെഎസ്‌യു മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ വിഎസ് ജോയിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുകയാണെന്നും നേരിട്ട് സമ്പർക്കം പുലർത്തിയവർ സ്വയം നീരീക്ഷണം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും വിഎസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, നേരത്തെ കൊവിഡ് പോസ്റ്റീവായ കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്തിനെ പരസ്യമായി പിന്തുണച്ച് വിഎസ് ജോയ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചതോടെ സോഷ്യൽമീഡിയ വലിയ വിമർശനമാണ് ഉയർത്തുന്നത്. അഭി എംകെ എന്ന വ്യാജപേരിലും വിലാസത്തിലും കൊവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആവുകയും അക്കാര്യം മറച്ചുവെയ്ക്കുകയും ചെയ്തതിന് കെഎം അഭിജിത്ത് ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായിരിക്കെ കോൺഗ്രസ് പ്രവർത്തകരുടെ പ്രോട്ടോക്കോൾ പാലിക്കാതെയുള്ള സമരം ജനങ്ങളെ തന്നെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്നത്.

Exit mobile version