ഐഎഎസ് നേടാന്‍ തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; തലശേരി സബ് കലക്ടറായിരുന്ന ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം

തിരുവനന്തപുരം: തലശേരി സബ് കലക്ടറായിരുന്ന ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഐഎഎസ് നേടാന്‍ തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിലാണ് ആസിഫ് കെ യൂസഫിനെതിരെ അന്വേഷണം നടക്കുന്നത്.

അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ എറണാകുളം ജില്ല കലക്ടര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംവരണ ആനുകൂല്യം വഴി ഐഎഎസ് ലഭിക്കാന്‍ ആസിഫ് കെ യൂസഫ് വരുമാനം കുറച്ചുകാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് യുപിഎസ്സിക്ക് നല്‍കിയെന്നാണ് പരാതി.

ക്രീമി ലെയര്‍ ഇതര വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കാനാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് എറണാകുളം ജില്ല കലക്ടര്‍ കണ്ടെത്തിയിരുന്നു. കുടുംബം ആദായ നികുതി അടക്കുന്നത് മറച്ചുവെച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥിയെന്ന് തെളിയിക്കാന്‍ ക്രീമിലെയര്‍ ഇതര വിഭാഗത്തില്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റാണ് ആസിഫ് ഹാജരാക്കിയത്.

ഇത് അനുസരിച്ച് ആസിഫിന് കേരള കേഡറില്‍ തന്നെ ഐ.എ.എസ് ലഭിച്ചു. 2015ല്‍ സിവില്‍ സര്‍വിസ് പരീക്ഷ എഴുതുമ്പോള്‍ കുടുംബത്തിന് 1.8 ലക്ഷം രൂപ വരുമാനം മാത്രമേയുള്ളുവെന്ന കണയന്നൂര്‍ തഹസില്‍ദാറുടെ സര്‍ട്ടിഫിക്കാണ് നല്‍കിയിരുന്നത്.

എന്നാല്‍ ആസിഫിന്റെ കുടുംബം ആദായ നികുതി അടക്കുന്നവരാണെന്നും പരീക്ഷ എഴുതുമ്പോള്‍ വരുമാനം 28 ലക്ഷമാണെന്നും കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ ആസിഫിനെതിരെ അന്വേഷണം നടക്കുന്നത്.

Exit mobile version