‘വീല്‍ച്ചെയറില്‍ കഴിയുന്ന എന്നെ കെട്ടി വെറുതേ ജീവിതം ബുദ്ധിമുട്ടിലാക്കണോ’; പരിമിതികള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ധന്യയെ വിടാതെ പിന്തുടര്‍ന്ന് ജീവിതത്തിലേക്ക് കൂട്ടി ഗോപന്‍

മൂവാറ്റുപുഴ: ‘തന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ’ എന്ന് ധന്യ പലതവണ ഗോപനോട് ചോദിച്ചിരുന്നു. എന്നാല്‍ ”എനിക്കു നിന്നെ ഒരുപാടിഷ്ടമായി. ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി” എന്നായിരുന്നു ഗോപന്റെ മറുപടി.

ജീവിതം വീല്‍ച്ചെയറിലാണെന്ന് പരിമിതികള്‍ പറഞ്ഞ് ധന്യ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍ വിടാതെ പിന്തുടര്‍ന്ന് ധന്യയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. ആരക്കുഴ ഇഞ്ചിക്കണ്ടത്തില്‍ ശെല്‍വരാജിന്റെ മകന്‍ ഗോപകുമാറും മൂവാറ്റുപുഴ ഗവ. മോഡല്‍ ഹൈസ്‌കൂളിനു സമീപം പുറമടത്തോട്ടത്തില്‍ ഗോപിനാഥന്റെ മകള്‍ ധന്യയും ഒടുവില്‍ വിവാഹിതരായി.

പത്തൊന്‍പതാം വയസ്സില്‍ ഒപ്‌റ്റോമെട്രിക്ക് പഠിക്കുമ്പോഴാണ് ധന്യയ്ക്ക് നട്ടെല്ലില്‍ ട്യൂമര്‍ പിടിപെടുന്നത്. ജീവിതം വീല്‍ചെയറില്‍ തളച്ചിടപ്പെട്ടപ്പോഴും പഠനം പാതിവഴിയില്‍ തടസ്സപ്പെട്ടപ്പോഴും പോരാട്ടം അവസാനിപ്പിക്കാതിരുന്ന ധന്യ എംജി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷില്‍ ബിരുദവുംബിരുദാനാന്തര ബിരുദവും നേടി.

വിവാഹം ഒരിക്കലുമുണ്ടാകില്ലെന്നുറപ്പിച്ചു കഴിയുമ്പോഴാണ് ഗോപകുമാര്‍ ധന്യയെ കൂടെകൂട്ടിയത്. പെണ്ണു കാണാന്‍ ചെല്ലുന്നതിനു മുന്‍പേ ധന്യ ഗോപകുമാറിനെ വിളിച്ച് തന്റെ പരിമിതികള്‍ പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. തന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ എന്നു പെണ്ണുകാണല്‍ ചടങ്ങിനു ശേഷവും ധന്യ ചോദിച്ചു.

”ധന്യ പലവട്ടം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ വിടാതെ പിന്തുടര്‍ന്നു. ആദ്യം കണ്ടപ്പോള്‍ തോന്നിയ ഇഷ്ടം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല. ശാരീരിക പരിമിതികളെ അതിജീവിച്ച കരുത്തും നന്മയും നിറഞ്ഞ മനസ്സിന്റെ ഉടമയെയാണ് ഞാന്‍ ധന്യയില്‍ കണ്ടത്. അതുകൊണ്ടുതന്നെ സങ്കടപ്പെടുത്തില്ല എന്നു വാക്കു കൊടുത്ത് ജീവിതകാലം കൂടെ കൂട്ടി”, ഗോപകുമാര്‍ പറഞ്ഞു.

ജീവിതം വീല്‍ചെയറില്‍ തന്നെയായപ്പോള്‍ സംഗീതമായിരുന്നു ധന്യയുടെ ആശ്വാസം. തണല്‍ – ഫ്രീഡം ഓണ്‍ വീല്‍സ് എന്ന കൂട്ടായ്മയില്‍ പ്രധാന ഗായികയായും ധന്യ തിളങ്ങി. വീട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് അബാക്കസ് പരിശീലനവും നല്‍കുന്നുണ്ട്.

Exit mobile version