സമരത്തിനിറങ്ങിയവരില്‍ ചിലര്‍ക്ക് രോഗം, ഇനി എത്ര പേരിലേയ്ക്ക് കൊവിഡ് പകര്‍ന്നുവെന്ന് വ്യക്തമല്ല; അപകടം മുന്‍കൂട്ടി കാണണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമായ സാഹചര്യത്തില്‍ അപകടം മുന്‍കൂട്ടി കാണണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കുന്നു. വിവിധ ജില്ലകളിലായി സമരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് ഈ രീതിയില്‍ കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ മാനദണ്ഡം പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍ നിന്നും എത്ര പേര്‍ക്ക് രോഗം പകര്‍ന്നുവെന്നതിലും വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം. സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വര്‍ധനവാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ്. ഇതില്‍ 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 42,786 പേരാണ് ചികിത്സയിലുള്ളത്. 51200 സാംപിളുകള്‍ ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്. നിലവില്‍ പ്രായം കുറഞ്ഞവരില്‍ മരണസാധ്യത കുറവാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് മരണസംഖ്യയും ഉയരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version