കൊവിഡ് 19 മഹാമാരിയെ മറയാക്കി വേതനവും റിട്ടെയര്‍മെന്റും ‘മുക്കുന്നു’; സൗദി കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, പ്രതിസന്ധിയില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപടിക്കെതിരെ രോഷത്തോടെ പ്രവാസികള്‍

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയെ മറയാക്കി വേതനവും റിട്ടയര്‍മെന്റ് അനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാകാത്ത സൗദി അറേബ്യയിലെ കമ്പനിക്കെതിരെ മുഖ്യമന്ത്രി പരാതി നല്‍കി. നാസ്സര്‍ എസ്അല്‍-ഹജ്രി കോര്‍പറേഷന്‍ (Nasser S. Al-Hajri Corporation – NSH)എന്ന സ്ഥാപനത്തിനെതിരെയാണ് പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് മുഖ്യമന്ത്രിയ്ക്ക് പരാതി കൈമാറായിരിക്കുന്നത്.

ലോക് ഡൗണ്‍ കാലത്ത് പ്രസ്തുത കമ്പനി നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികളെയാണ് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി തിരിച്ചയച്ചത്.അഞ്ചു വര്‍ഷം മുതല്‍ 27 വര്‍ഷം വരെ മേല്‍പ്പറഞ്ഞ കമ്പനിയില്‍ ജോലി ചെയ്ത ഇവര്‍ക്ക് സൗദി തൊഴില്‍ നിയമങ്ങള്‍ പ്രകാരം ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും നല്‍കാതെയാണ് കമ്പനി നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ചത്. നാസ്സര്‍ എസ് അല്‍-ഹജ്രി കോര്‍പറേഷന്‍ (Nasser S. Al-Hajri Corporation – NSH)ല്‍ നിന്നും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതപ്പെട്ട 200 ലധികം വരുന്ന മലയാളി തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും 50 വയസ്സോ അതിലധികമോ പ്രായമുള്ളവരാണ്.

വര്‍ഷങ്ങളോളം വിദേശ രാജ്യത്ത് തൊഴില്‍ ചെയ്ത് ജീവിത സായാഹ്നനത്തില്‍ കേരളത്തില്‍ മടങ്ങിയെത്തുന്ന മലയാളി പ്രവാസി തൊഴിലാളികള്‍ക്ക് നിയമപരമായി അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാറും പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സും അടിയന്തിരമായി ഇടപെടണമെന്നാണ് ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആവശ്യം. ‘വേതന മോഷണ’ത്തിനെതിരെ സംഘടന ഫയല്‍ ചെയ്ത ഹര്‍ജിയിലെ ഹൈക്കോടതി വിധിയിലെ നിര്‍ദ്ദേശപ്രകാരമാണ് എല്‍ബിബി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ പൂര്‍ണ്ണരൂപം:

To
ശ്രീ.പിണറായി വിജയന്‍
ബഹു. കേരള മുഖ്യമന്ത്രി &
ചെയര്‍മാന്‍ നോര്‍ക്ക – റൂട്‌സ് ,
തിരുവനന്തപുരം.

വിഷയം : 200 ലധികം വരുന്ന മലയാളി പ്രവാസി തൊഴിലാളികള്‍ക്ക് സൗദി അറേബ്യയിലെ നാസ്സര്‍.എസ്. അല്‍-ഹജ്രി കോര്‍പറേഷന്‍ (Nasser S. Al-Hajri Corporation – NSH) എന്ന സ്ഥാപനത്തില്‍നിന്നും സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്:

സൂചന : ബഹു. കേരള ഹൈ കോടതിയുടെ റിട്ട് പെറ്റീഷന്‍13444/ 2020, ലോയേഴ്‌സ് ബീയോണ്ട് ബോര്‍ഡേഴ്‌സ് Vs യൂണിയന്‍ ഓഫ് ഇന്ത്യ & അദേഴ്സ് എന്ന ഹര്‍ജിയിലെ 25.08.2020 ലെ അന്തിമ വിധി പ്രകാരം സമര്‍പ്പിക്കുന്ന പരാതി.

സര്‍ ,

കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് ചുരുങ്ങിയ കാലഘട്ടത്തിനിടയില്‍ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്കാണ് തൊഴിലിടങ്ങളായ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്; ഇതില്‍ വലിയൊരളവ് പ്രവാസികള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരും നോര്‍ക്ക – റൂട്‌സുമെല്ലാം ആവിഷ്‌കരിച്ച വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ മാതൃകാപരമാണ്.

കോവിഡ് -19 മഹാമാരിയില്‍ തൊഴില്‍ നഷ്ട്ടപ്പെട്ടു മടങ്ങുന്ന പ്രവാസികള്‍ വിവിധ തരം ചൂഷണങ്ങള്‍ക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോക്ക്‌ഡൌണ്‍ കാലത്തെ ശമ്പള കുടിശ്ശിക മുതല്‍ പതിറ്റാണ്ടുകളോളം തൊഴിലെടുത്തതിന്റെ ഭാഗമായി അതതു രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍വരെ നീളുന്നതാണ് മഹാമാരികാലത്ത് പ്രവാസികള്‍ നേരിടുന്ന സാമ്പത്തിക ചൂഷണങ്ങള്‍.

വേതന മോഷണമുള്‍പ്പടെയുള്ള സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ നടത്തുന്ന ബോധവല്‍ക്കരണത്തിന്റെയും നിയമ പോരാട്ടത്തിന്റെയും ഭാഗമായി, പ്രവാസി ക്ഷേമത്തിനും മനുഷ്യാവകാശ സംരക്ഷസംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് (LBB) ഇന്ത്യ ചാപ്റ്റര്‍ റിട്ട് പെറ്റീഷന്‍13444/ 2020 എന്ന ഹര്‍ജി മുഖാന്തിരം 2020 ജൂലൈ മാസത്തില്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും നോര്‍ക്കയും എതൃകക്ഷികളായിരുന്ന ഹര്‍ജിയില്‍ കോവിഡ് -19 രോഗഭീതിയെ തുടര്‍ന്ന് തൊഴില്‍ നഷ്ട്ടപെട്ട് അടിയന്തിരമായി ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്ന പ്രവാസികളുടെ നഷ്ടപെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കി, അതതു രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ക്കും നീതി നിര്‍വഹണ സംവിധാനത്തിനുമനുസൃതമായി പരാതികള്‍ ഉന്നയിക്കാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.

വിദേശ രാജ്യങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങളുള്‍പ്പടെയുള്ള വിവിധങ്ങളായ വ്യവഹാരങ്ങള്‍ക്കായി ആവിഷ്‌കരിക്കപ്പെട്ട സംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ സൂചിപ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളിലൂടെയും സംവിധാനങ്ങളിലൂടെയും ഹര്‍ജിക്കാര്‍ക്കോ മറ്റു തല്‍പര കക്ഷികള്‍ക്കോ തങ്ങളുടെ പരാതികള്‍ ഉന്നയിക്കാമെന്നും, ഇത്തരം പരാതികള്‍ ഉന്നയിക്കപ്പെടുന്ന പക്ഷം അവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിരീക്ഷിച്ചുകൊണ്ടാണ് 62 പേജുവരുന്ന ജഡ്ജിമെന്റിലൂടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് 2020 ഓഗസ്റ്റ് 25ന് പ്രസ്തുത ഹര്‍ജി തീര്‍പ്പാക്കിയത്.

പ്രസ്തുത വിധി സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സാമ്പത്തിക ചൂഷണത്തിനു വിധേയരായ നിരവധി പ്രവാസികളാണ് ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് (LBB) ഇന്ത്യ ചാപ്റ്റര്‍നെ സമീപിച്ചു കൊണ്ടിരിക്കുന്നത്. പ്രസ്തുത പരാതികളെല്ലാം രേഖപ്പെടുത്തി, നിയമനടപടികളിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് നീതി ഉറപ്പാക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് (LBB) ഇന്ത്യ ചാപ്റ്റര്‍.

മേല്പറഞ്ഞ പരാതികളില്‍ ഏറ്റവുമധികം പരാതികള്‍ ലഭിച്ചിരിക്കുന്നത് സൗദി അറേബ്യയിലെ അല്‍-ഖോബാര്‍ (Al-Khobar) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാസ്സര്‍.എസ്. അല്‍-ഹജ്രി കോര്‍പറേഷന്‍ (Nasser S. Al-Hajri Corporation – NSH) എന്ന തൊഴില്‍ദാതാവിനെ സംബന്ധിച്ചാണ്. ലഭ്യമായ വിവരങ്ങളനുസരിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200ലധികം പ്രവാസികളെയാണ് ലോക്ക്‌ഡൌണ്‍ കാലത്തു പ്രസ്തുത സ്ഥാപനം അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കേരളത്തിലേക്ക് മടക്കി അയച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ മുഖാന്തിരം വിസക്കു പണം നല്‍കി നേടിയ ജോലിനഷ്ട്ടപെട്ടമേല്പറഞ്ഞ പ്രവാസികളില്‍ 27 വര്‍ഷം പ്രസ്തുത സ്ഥാപനത്തില്‍ ജോലിചെയ്തവര്‍വരെ ഉള്‍പ്പെടുന്നുണ്ട്.

സൗദി അറേബ്യയിലെ തൊഴില്‍ നിയമമനുസരിച്ചു ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹരാണ് മടങ്ങിയെത്തിയവരില്‍ ബഹുഭൂരിപക്ഷവും. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ പ്രവാസ ജീവിതം നയിച്ച് ഒടുവില്‍ വെറും കയ്യോടെ മടങ്ങേണ്ടിവന്ന ഇവരെല്ലാം തന്നെ 50 വയസോ അതിലധികമോ പ്രായമുള്ളവരാണെന്നതും വിനയപൂര്‍വം ശ്രദ്ധയില്‍പ്പെടുത്തട്ടെ.

പ്രവാസികള്‍ നട്ടെല്ലായിരുന്ന സമ്പത് വ്യവസ്ഥയെന്ന നിലയില്‍ പ്രവാസി മലയാളികള്‍ക്കു ലഭിക്കുന്ന അര്‍ഹതപ്പെട്ട ഓരോ രൂപയും കേരളത്തിന്റെ കൂടി വളര്‍ച്ചക്ക് ഉതകുന്നതായിരിക്കുമെന്നു വിശ്വസിക്കുന്നു; ഒപ്പം കൊറോണക്കാലത് മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും ശ്രമങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുന്നതു കൂടിയാകും മേല്പറഞ്ഞവര്‍ക്കു അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികളോരോന്നുമെന്നും കരുതുന്നു.

ജീവിത സായാഹ്നത്തില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് തിരികെ എത്തിയ പ്രവാസി മലയാളി തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ സൗദി അറേബ്യയിലെ നാസ്സര്‍.എസ്. അല്‍-ഹജ്രി കോര്‍പറേഷന്‍ (Nasser S. Al-Hajri Corporation – NSH) എന്ന സ്ഥാപനത്തില്‍നിന്നും ലഭ്യമാക്കുന്നതിനാവശ്യമായ നടപടി മുഖ്യമന്തിയെന്ന നിലയിലും നോര്‍ക്ക ചെയര്‍മാന്‍ എന്ന നിലയിലും സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,
അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍
കണ്‍വീനര്‍,
ലോയേഴ്‌സ് ബീയോണ്ട് ബോര്‍ഡേഴ്‌സ് – ഇന്ത്യ
സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ, ന്യൂ ഡല്‍ഹി.

Exit mobile version