പീച്ചി ഡാമിന്റെ ഷട്ടര്‍ താഴുന്നില്ല, പഠിച്ച പണി പതിനെട്ടും പയറ്റി അധികൃതര്‍

തൃശൂര്‍: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പീച്ചി ഡാമിന്റെ ഷട്ടര്‍ താഴുന്നില്ല. ഡാമിന്റെ സ്ലൂസ് തകരാര്‍ പരിഹരിക്കാന്‍ ശ്വാസംവിടാതെ പ്രയത്‌നിക്കുന്ന നാവികസേന സംഘത്തിനും മുങ്ങല്‍ വിദഗ്ധ സംഘത്തിനും മുന്നില്‍ വെല്ലുവിളികളേറെയാണ്.

22 മീറ്റര്‍ താഴ്ച, വെള്ളപ്പാച്ചില്‍ സൃഷ്ടിക്കുന്ന മര്‍ദം, ഷട്ടറിന്റെ ഭാരം എന്നിവയെല്ലാം വെല്ലുവിളി ഉയര്‍ത്തുകയാണ്. ചേര്‍പ്പില്‍ നിന്നുള്ള ഈഗിള്‍ ടെക് സര്‍വീസ് സ്‌കൂബ ടീം തിങ്കളാഴ്ച രാത്രി 12 വരെ എമര്‍ജന്‍സി ഷട്ടര്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഷട്ടറിലേക്കുള്ള ഗാഡിയില്‍ മരക്കൊമ്പ് തടഞ്ഞുനില്‍ക്കുന്നതായി കണ്ടതോടെ സി.ഐ. ഷാനവാസ്, കെ.എ.ഷഫീര്‍, വി.എസ്. ബിപിന്‍ എന്നിവരടങ്ങുന്ന സ്‌കൂബ സംഘം ഇറങ്ങി കമ്പി ഉപയോഗിച്ചു മരക്കൊമ്പ് കുത്തിനീക്കി. 3 മീറ്റര്‍ നീളവും 6 ഇഞ്ച് കനവുമുള്ളതായിരുന്നു മരക്കൊമ്പ്.

തടസ്സം നീങ്ങിയതോടെ ഷട്ടറിനു മുകളില്‍ ഭാരം കയറ്റി താഴേക്ക് ഇറക്കാനുള്ള ശ്രമം തുടങ്ങി. രാവിലെ 10 .30 ന് 250 കിലോ ഇരുമ്പ്, ഷട്ടറില്‍ വെല്‍ഡ് ചെയ്തതിനു ശേഷം ദൗത്യം തുടങ്ങി. നാവികസേനയുടെ മേല്‍നോട്ടത്തിലായിരുന്നു ഇത്. വെള്ളത്തിലിറങ്ങിയ സേനാംഗങ്ങള്‍ വെള്ളത്തിന്റെ മര്‍ദം പരിശോധിച്ചുറപ്പാക്കി.

ദൗത്യം ക്യാമറയില്‍ പകര്‍ത്തി. ഭാരം കയറ്റിയിട്ടും കുറച്ചു ദൂരം മാത്രമേ ഷട്ടര്‍ താഴ്ന്നുള്ളൂ. വീണ്ടും ഭാരം. ഉച്ചയോടെ ഷട്ടറിനു മുകളിലെ ഭാരം 500 കിലോ ആക്കി വെല്‍ഡ് ചെയ്തുറപ്പിച്ചു. എന്നിട്ടു ഷട്ടര്‍ 18 മീറ്റര്‍ വരെ താഴെയെത്തിച്ചു. വൈകിട്ട് 5ന് ഒരു മണിക്കൂര്‍ വലതുകര കനാല്‍ തുറന്നുവിട്ടു.

വൈകുന്നേരത്തോടെ ഷട്ടര്‍ അടയ്ക്കുന്നതിനുള്ള പൂര്‍ണ ചുമതല നാവിക സേനാംഗങ്ങള്‍ ഏറ്റെടുത്തു. 6 മണിക്കു 19.61 മീറ്റര്‍ താഴ്ചയില്‍ വരെ വരെ ഷട്ടര്‍ എത്തിച്ചു. 22 മീറ്ററില്‍ എത്തിയാല്‍ സ്‌ളൂസ് അടയും. രണ്ടുദിവസമായി പത്തോളം പേരുടെ നേതൃത്വത്തില്‍ ഷട്ടറുകള്‍ക്കു മുകളില്‍ ഉരുക്കുവടം ഉപയോഗിച്ച് എമര്‍ജന്‍സി ഷട്ടര്‍ ഉയര്‍ത്താനും താഴ്ത്താനും ഉള്ള ശ്രമം നടക്കുകയാണ്.

100ലധികം തവണ ഇത്തരത്തില്‍ മുകളിലേക്കും താഴേക്കും ഷട്ടര്‍ വലിച്ചു താഴ്ത്തുകയും മുകളിലേക്ക് കയറ്റുകയും ചെയ്തു.

Exit mobile version