പ്രൈവറ്റ്, വിദൂര പഠനം നിർത്തലാക്കാൻ സർവകലാശാലകൾ; വീട്ടുമുറ്റം സമരകേന്ദ്രമാക്കി വിദ്യാർത്ഥികൾ; കുടുംബത്തോടൊപ്പം സമരമുഖത്ത്

പൊന്നാനി: കാലിക്കറ്റ് സർവ്വകലാശാല ഉൾപ്പടെയുള്ള വിവിധ സർവ്വകലാശാലകൾക്ക് കീഴിലെ വിദൂരപഠനവും, പ്രൈവറ്റ് രജിസ്‌ട്രേഷനും നിർത്തലാക്കാനും പുതുതായി ഓപ്പൺ സർവകലാശാല തുടങ്ങാനുമുള്ള തീരുമാനത്തിനെതിരെ വ്യത്യസ്ത സമരവുമായി വിദ്യാർത്ഥികളും അധ്യാപകരും. കുടുംബ സമേതം വീട്ടുമുറ്റത്താണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് വീടുകളിൽ പ്രതിഷേധ സമരങ്ങൾ നടത്തിയത് ഏറെ ശ്രദ്ധേയമാവുകയുമാണ്.

വീടുകളിൽ വിവിദ മുദ്രാവാക്യങ്ങൾ പ്ലേക്കാർഡുകളിൽ എഴുതിയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരുടെ കുടുംബവും സമരത്തിൽ പങ്കാളിയായത്. പൊന്നാനി സ്‌കോളർ കോളേജിലെ അധ്യാപകർ പുതിയ നിയമത്തിനെതിരെ മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി മെയിലിൽ അയച്ചു. കൊവിഡ് മഹാമാരി മൂലം ജോലിയും വേതനവും പ്രതിസന്ധിയിലായി ദുരിതമനുഭവിച്ച് വരുന്നതിനിടയിലാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി സംബന്ധിച്ച പ്രഖ്യാപനം വരുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ യുജി, പിജി കോഴ്‌സുകൾ ചെയ്യുന്നത് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തും പാരലൽ കോളേജുകളിൽ പഠിച്ചുമാണ്. അഫിലിയേറ്റഡ് കോളേജുകളിലെ സീറ്റുകളുടെ അപര്യാപ്തത മൂലം ഈ വിദ്യാർത്ഥികൾക്ക് റഗുലർ സ്ഥാപനങ്ങളിൽ പഠിക്കാൻ കഴിയുന്നില്ലെങ്കിലും റഗുലർ വിദ്യാർത്ഥികളുടേതിന് തുല്യമായ സിലബസ്സ് പഠിച്ച് അവർ എഴുതുന്ന അതേ പരീക്ഷ എഴുതി തത്തുല്യമായ സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ഉപരിപഠനത്തിനും തൊഴിൽ നേടുന്നതിനും മറ്റു തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.

പാരലൽ കോളേജ് വിദ്യാർത്ഥികൾ എന്ന നിലയിൽ വിവേചനം അനുഭവിച്ച് വരുന്ന കുട്ടികൾ ഒരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റുകൾക്ക് സ്വീകാര്യത നൽകുന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിൽ സ്വാശ്രയ കോളേജുകളിൽ ഉയർന്ന ഫീസ് നല്കി പഠിക്കാൻ കഴിയുന്ന കുട്ടികൾ അവിടെ ചേരും. അല്ലാത്തവർ പഠനം ഉപേക്ഷിക്കും.ഇതാണ് വിദ്യാർത്ഥികളും അധ്യാപകരും സമരരംഗത്തിറങ്ങാൻ കാരണം.

സംസ്ഥാനത്ത് പാരലൽ, പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അഭ്യസ്തവിദ്യരുടെയും ജീവിതം വഴിയാധാരമാകുന്ന പരിഷ്‌കാരമാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിലെ നിലവിലുള്ള യൂണിവേഴ്‌സിറ്റികളിലെ ്രൈപവറ്റ്, വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിച്ച് പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് മാതൃ യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകൾ പഠിക്കുന്നതിന് സൗകര്യമുണ്ടാക്കണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.

റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ പന്താവൂർ

Exit mobile version