സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്കു സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്. താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

അതേസമയം കേരള-കര്‍ണാടക തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളാ തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Exit mobile version