അന്ന് പിന്തുണ; ഇന്ന് കൂറുമാറ്റം; വിടാതെ സോഷ്യൽമീഡിയ; കമന്റുകൾക്ക് ലോക്കിട്ടും നീക്കം ചെയ്തും ഭാമ

കൊച്ചി: പ്രമാദമായ കേസിൽ കൂറുമാറിയത് സോഷ്യൽമീഡിയ രോഷത്തിന് വഴി വെച്ചതോടെ കമന്റുകൾക്ക് ലോക്കിട്ട് നടി ഭാമ. നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ ഭാമയ്‌ക്കെതിരേ സൈബർ ആക്രമണം തുടരുന്നതിനിടെയാണ് നടി ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷൻ ഡിസേബിൾ ചെയ്തിരിക്കുന്നത്. ഒപ്പം ഫേസ്ബുക്കിൽ പോസ്റ്റുകൾക്ക് താഴെ വന്ന വിമർശന കമന്റുകൾ നടി നീക്കം ചെയ്യുകയും ചെയ്തു.

കോടതിയിൽ ഭാമ കൂറുമാറിയത് കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിയ്ക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. 2017 ൽ നടിക്കെതിരെ ആക്രമണം ഉണ്ടായതോടെ പിന്തുണ പ്രഖ്യാപിച്ച് ഭാമ അന്ന് രംഗത്ത് വന്നിരുന്നു.

‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക. എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു’ ഇതായിരുന്നു അന്നത്തെ ഭാമയുടെ നിലപാട്. എന്നാൽ അതിന് വിരുദ്ധമായാണ് ഭാമ കോടതിയിൽ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയും ചെയ്തതോടെ അവരത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സൽ സമയത്ത് പ്രതിയായ ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധീഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, സാക്ഷി വിസ്താര സമയത്ത് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ധീഖിനുമെതിരേ രൂക്ഷവിമർശനവുമായി രേവതി, റിമ കല്ലിങ്കൽ,ആഷിക് അബു, രമ്യ നമ്പീശൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

ദിലീപിന്റെ സുഹൃത്തായ സിദ്ധീഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാഗത്ത്‌നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്നുമാണ് രമ്യ നമ്പീശൻ പ്രതികരിച്ചത്. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്നാണ് റിമ അഭിപ്രായപ്പെട്ടത്.

Exit mobile version