ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി; തിരുവോണം ബമ്പറടിച്ചത് 24കാരൻ അനന്തുവിന്

കൊച്ചി: ഒടുവിൽ കേരളമൊന്നാകെ തിരഞ്ഞ തിരുവോണം ബമ്പർ ഒന്നാംസമ്മാന വിജയിയെ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തുവാണ് വിജയി. 24കാരനായ അനന്തുവാണ് സമ്മാനർഹമായ ടിബി 173964 എന്ന ടിക്കറ്റെടുത്തതെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു. അനന്തു ദേവസ്വം ജീവനക്കാരനാണ്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക.

കടവന്ത്രയിൽ തട്ടടിച്ച് ലോട്ടറി വിൽപന നടത്തുന്ന അളഗർ സ്വാമിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. എന്നാൽ ആരാണ് ടിക്കറ്റെടുത്തതെന്ന് 68കാരനായ അളഗർ സ്വാമിക്ക് ഓർമ്മയില്ലായിരുന്നു. ‘വിറ്റത് നാൻ താൻ. ആനാൽ അത് യാരെന്ന് തെരിയാത്’ എന്നായിരുന്നു അളഗർസ്വാമി പ്രതികരിച്ചത്. അളഗർ സ്വാമി വിറ്റ ടിക്കറ്റിന് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമടിക്കുന്നത്.

തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായിരുന്ന പത്ത് വർഷം മുമ്പ് ആരോഗ്യപ്രശ്‌നങ്ങളാൽ കൂലിപ്പണി നിർത്തി ലോട്ടറി വിൽപ്പന ആരംഭിച്ചത്. അളഗർ സ്വാമിക്കും പാരിതോഷികമായി ഒരു തുക ലഭിക്കും. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് അളഗർ സ്വാമി ടിക്കറ്റെടുത്തത്. അജേഷ് കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഏജൻസി വിറ്റ മൂന്ന് ടിക്കറ്റിന് ഓണം ബമ്പർ സമ്മാനങ്ങൾ ലഭിച്ചു. ഒന്നാം സമ്മാനത്തിന് പുറമേ നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപയുടെ രണ്ട് ടിക്കറ്റുകളും വിഘ്‌നേശ്വരയിൽ നിന്നാണ് വിറ്റത്.

Exit mobile version